FeaturedHome-bannerKeralaNews

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു;തീരങ്ങളില്‍ ജാഗ്രതാ നിർദേശം

തൃശ്ശൂര്‍: മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. അഞ്ച് സെന്റിമീറ്റര്‍ വീതമാണ് നാലു ഷട്ടറുകളും തുറന്നിരിക്കുന്നത്. 112.36 മീറ്റര്‍ ആണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. നിലവില്‍ ഒരു മണിക്കൂറില്‍ ഒരു സെന്റിമീറ്ററാണ് ജലനിരപ്പ് ഉയരുന്നത്.

റൂള്‍കര്‍വ് പ്രകാരം 112.99 മീറ്ററാണ് സംഭരണശേഷി. ഇപ്പോള്‍ ആശങ്കാജനകമായ ജലനിരപ്പ് ഇല്ലെങ്കിലും മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

കാഞ്ഞിരപ്പുഴയിൽ കൂടുതൽ വെള്ളം പുറത്തേക്ക്

മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 80 സെന്റീ മീറ്ററായി ഉയർത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ  മുന്നറിയിപ്പ് ഉള്ളതിനാലാണ് തീരുമാനം. നിലവിലെ ജലനിരപ്പ് റൂൾ കർവ് പ്രകാരമുള്ള ജലനിരപ്പിനെക്കാൾ കൂടുതലാണ്.  11 മണിയോടെയാണ് ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ  80 സെന്റീമീറ്റർ വീതം ഉയർത്തിയത്. ഇന്നലെ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്  ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഡാമിലെ നിലവിലെ ജലനിരപ്പ് 94 മീറ്ററാണ്. 97.50 മീറ്ററാണ് പരമാവധി സംഭരണശേഷി. 

മുല്ലപ്പെരിയാർ തുറന്നു

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ആറ് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് തുറന്നത്. സെക്കന്റിൽ 1000 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ ഷട്ടർ തുറക്കുമെന്നാണ് തമിഴ‍്‍നാട് അറിയിച്ചിരുന്നത്. എന്നാൽ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഷട്ടർ തുറക്കുന്നത് തമിഴ‍്‍നാട് താമസിപ്പിച്ചു. ഒരു മണിയോടെയാണ് ഒടുവിൽ ഷട്ടർ തുറന്നത്.  മണിക്കൂറിൽ 0.1 ഘനയടി എന്ന തോതിൽ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത് 0.05 ഘനയടിയിലേക്ക് താഴ്ന്നതോടെയാണ് ഷട്ടർ തുറക്കുന്നത് തമിഴ‍്‍നാട് താമസിപ്പിച്ചത്. 

ഒരു മണിയോടെ അണക്കെട്ടിലെ ജലനിരപ്പ് 137.5 അടിയിലേക്ക് എത്തി. ഇതിനു പിന്നാലെയാണ് തമിഴ‍്‍നാട് മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തുറന്നത്. റൂൾ കർവ് പാലിച്ചാണ് തമിഴ‍്നാടിന്റെ നടപടി. മൂന്ന് ഷട്ടറുകളിലൂടെ സെക്കന്റിൽ 534 ഘനയടി വെള്ളമാണ് ആദ്യം പുറത്തേക്കോഴുക്കിയത്. 3 മണിയോടെ 3 ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ആളവ് ഇരട്ടിയായി. 6 ഷട്ടറുകൾ തുറന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. സെക്കന്റിൽ ആറായിരം ഘടയടി വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറൂ. എന്നാലും പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

തെന്മല പരപ്പാർ ഡാം തുറന്നു

കൊല്ലത്ത് തെന്മല പരപ്പാറ ഡാമിന്റെ ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തി. 10 സെന്റീമീറ്റർ വീതം മൂന്നു തവണയായാണ് 30 സെന്റീമീറ്ററിലേക്ക് ഉയർത്തിയത്. മഴ തുടരുന്ന സാഹചര്യമുണ്ടായാൽ നാളെ 50 സെന്റീമീറ്റർ വരെയാക്കി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. കല്ലടയാറ്റിന്റെ ഇരു കരകളിലുമുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button