മധു മുല്ലശ്ശേരിയെ ഏരിയാ സെക്രട്ടറിയാക്കിയത് പാർട്ടിക്കുപറ്റിയ ഏറ്റവും വലിയ അബദ്ധം: എം.വി ഗോവിന്ദൻ
തിരുവനന്തപുരം: മധു മുല്ലശ്ശേരിയെ ഏരിയാ സെക്രട്ടറിയാക്കിയത് പാര്‍ട്ടിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മധുവായാലും ആരായാലും തെറ്റായ ഒന്നിനേയും ഒരു നിലപാടും വെച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരം ആളുകള്‍ പുറത്തുപോയാല്‍ പാര്‍ട്ടി നന്നാവുകയാണ് ചെയ്യുകയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
'ഇവനെയൊക്കെ സെക്രട്ടറിയാക്കി നടത്തിക്കൊണ്ടുപോയതാണ് നമുക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം. ഈ പാര്‍ട്ടിക്ക് രാഷ്ട്രീയ ഉള്ളടക്കം വേണം. സംഘടനാപരമായ ശേഷിയും കരുത്തും വേണം. അതിന് വേണ്ടി നല്ല രീതിയില്‍ പാര്‍ട്ടി കരുത്ത് നേടുന്നതിനുള്ള ശ്രമങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. മധുവല്ല അതിനപ്പുറം ആര് വന്നാലും തെറ്റായ ഒന്നിനേയും വെച്ചേക്കില്ല.' എംവി ഗോവിന്ദന്‍ പറഞ്ഞു.
പാര്‍ട്ടിക്കും തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്കുമെതിരെ ആരോപണങ്ങളുന്നയിച്ചാണ് മംഗലപുരം ഏരിയ സെക്രട്ടറിയായ മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ടത്. അകാരണമായി തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്നും ജില്ലാ സെക്രട്ടറി വി. ജോയി വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും മധു ആരോപിച്ചു. പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച മധു പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. മധുവിന്റെ മകനും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്ന മിഥുന്‍ മുല്ലശ്ശേരിയെയും സംഘടനയില്‍നിന്നു പുറത്താക്കിയിരുന്നു.