CrimeKeralaNews

ഷാരോണ്‍ വധം,പാറശാല പോലീസിന് ഗുരുതര വീഴ്ചകള്‍,ഗ്രീഷ്മയുടെ വാക്ക് വിശ്വസിച്ച് അന്വേഷണം ഉഴപ്പി,ബന്ധുക്കളുടെ സംശയം അവഗണിച്ചു

തിരുവനന്തപുരം: ഷാരോൺ കൊലപാതക കേസിൽ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചകൾ. ഷാരോൺ കഴിച്ച കാഷായത്തിൽ ബന്ധുക്കൾ സംശയം ഉന്നയിച്ചിട്ടും, ഇത് കണക്കിലെടുക്കാതെ പെൺകുട്ടിയുടെ മൊഴി മാത്രം വിശ്വസിച്ച്, അന്വേഷണത്തിന്റെ തുടക്കത്തിലേ പൊലീസ് ഉഴപ്പി. പൊലീസിന്റെ വീഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങളിൽ മറുപടി പറയാൻ എഡിജിപി പാടുപെട്ടു. 

ഷാരോണിന്റെ മരണം അന്വേഷിച്ചതിൽ പാറശ്ശാല പൊലീസിന് സംഭവിച്ച വീഴ്ചകൾ ഒന്നൊന്നായി ഷാരോണിന്റെ സഹോദരനും ആയുർവേദ ഡോക്ടറുമായ ഷിനോൺ ചൂണ്ടിക്കാട്ടുന്നു. ഷാരോൺ പെൺകുട്ടിയുടെ വീട്ടിൽ നിന്ന്
കഴിച്ച കഷായത്തിൽ വീട്ടുകാർ ആദ്യമേ സംശയം പ്രകടിപ്പിച്ചിട്ടും പൊലീസ് അത് പാടേ തള്ളിയിരുന്നു. ഷാരോണിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് അവഗണിച്ചു. 

ഈ മൊഴികളെല്ലാം വെറും ഊഹാപോഹമെന്നായിരുന്നു പൊലീസിന്റെ നിലപാട്. വീട്ടുകാർ ഉന്നയിച്ച സംശയങ്ങൾ തുടക്കത്തിലേ പരിഗണിച്ചിരുന്നെങ്കിൽ, നേരത്തെ തന്നെ മരണകാരണമായ കീടനാശിനിയിലേക്ക് എത്താമായിരുന്നു എന്ന് വ്യക്തം. ഒറ്റദിവസത്തെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതിച്ച കേസിൽ, ദിവസങ്ങളായി വീട്ടുകാർ ഉന്നയിക്കുന്ന സംശയം എന്തുകൊണ്ട് പൊലീസ് നേരത്തെ  ചെവിക്കൊണ്ടില്ലെന്ന ചോദ്യത്തിന് മറുപടി നൽകാൻ എഡിജിപി എംആർ അജിത് കുമാർ നല്ല പോലെ ബുദ്ധിമുട്ടി.

പ്രതിയുടെ മൊഴികളിലെ  വൈരുദ്ധ്യവും ഫോറൻസിക് ഡോക്ടറുടെ നിർണായക മൊഴിയുമാണ് ഗ്രീഷ്മയെ സംശയമുനയിലാക്കിയത്. പെൺകുട്ടിയെന്ന പരിഗണനയും നൽകിയെന്നാണ് പൊലീസ് സമ്മതിക്കുന്നത്. മാധ്യമങ്ങളിൽ വലിയ വാർത്തയായതിന് ശേഷം മാത്രമാണ് കേസിൽ പൊലീസ് ഉണർന്ന് പ്രവർത്തിച്ചതും ജില്ലാ ക്രൈംബ്രാഞ്ചിനെ കേസ് എൽപ്പിച്ചതും.

കടുത്ത ഛർദ്ദിയും വായിൽ പൊള്ളലുമുണ്ടായിരുന്ന ഷാരോണിന്റെ ലക്ഷണങ്ങളെ വിലയിരുത്തിയതിൽ ഡോക്ടർമാർക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് സംശയം ഉയരുന്നത്. ഷാരോൺ ലക്ഷണങ്ങൾ കാണിച്ചപ്പോഴേ കീടനാശിനി സാന്നിധ്യം സംശയിക്കാമായിരുന്നു. പൊലീസിന്റെ നിഗമനങ്ങളിൽ തുടക്കത്തിലേ വീഴ്ചയുണ്ടായെന്ന് ചുരുക്കം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker