![](https://breakingkerala.com/wp-content/uploads/2021/11/love-1.jpg)
ഭോപാല്‍: ശാരീരികബന്ധമില്ലാതെ പരപുരുഷനോട് ഭാര്യയ്ക്ക് പ്രണയമോ അടുപ്പമോ തോന്നിയാല്‍ അത് അവിഹിത ബന്ധമായി കണക്കാക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ അതിനെ അവിഹിതബന്ധമെന്ന് നിര്‍വചിക്കാന്‍ പറ്റുകയുള്ളൂവെന്നും ജസ്റ്റിസ് ജി.എസ്. അലുവാലിയയുടെ ബെഞ്ച് വ്യക്തമാക്കി. മറ്റൊരാളുമായി പ്രണയത്തിലായതിനാല്‍ ഭാര്യയ്ക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് കാണിച്ച് ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 4,000 രൂപ നല്‍കാന്‍ കുടുംബ കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഭര്‍ത്താവ് ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കിയത്. ഭര്‍ത്താവിന്റെ തുച്ഛമായ വരുമാനം ജീവനാംശം നിഷേധിക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി പ്രസ്താവിച്ചു.
ഭാര്യയ്ക്ക് 4,000 രൂപ ജീവനാംശം നല്‍കാന്‍ ചിന്ദ്‌വാഡ കുടുംബകോടതി പ്രിന്‍സിപ്പല്‍ ജഡ്ജ് ഉത്തരവിട്ടിരുന്നു. തനിക്ക് 8,000 രൂപ മാത്രമേ വരുമാനമുള്ളൂവെന്നും അതിനാല്‍ ജീവനാംശം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിന് പുറമേ ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍, ഹര്‍ജിക്കാരന്‍ ഹാജരാക്കിയ സാലറി സര്‍ട്ടിഫിക്കറ്റിന് വിശ്വാസതയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.