
കൊല്ലം: മദ്യപിക്കരുത് എന്നാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മദ്യപിക്കുന്നവരുണ്ടെങ്കില്‍ പുറത്താക്കുമെന്നും തങ്ങളാരും ഒരുതുള്ളിപോലും ഇതുവരെ കഴിച്ചിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാന്‍ പാടില്ല എന്ന ദാര്‍ശനികമായ ധാരണയില്‍നിന്ന് വന്നവരാണ് ഞങ്ങളെല്ലാം. ബാലസംഘത്തിലൂടെയും വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടേയും യുവജന പ്രസ്ഥാനത്തിലൂടേയും വരുമ്പോള്‍ ആദ്യത്തെ പ്രതിജ്ഞ വ്യക്തിജീവിതത്തില്‍ ഇതുപോലുള്ള മുഴുവന്‍ കാര്യങ്ങളും ഒഴിവാക്കുമെന്നാണ്, എം.വി. ഗോവിന്ദന്‍ പറഞ്ഞു.
നവോത്ഥാന പ്രസ്ഥാനത്തിന്റേയും ദേശീയ പ്രസ്ഥാനത്തിന്റേയും അതിന്റെ തുടര്‍ച്ചയായി വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയും മൂല്യങ്ങൾ ചേര്‍ത്തുകൊണ്ടാണ് ഞങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. അഭിമാനത്തോടെയാണ് ഇത് പറയുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഹരി ഉപയോഗത്തെ ശക്തിയായി എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. എതിര്‍ത്ത് പരാജയപ്പെടുത്താനുള്ള ബോധം രൂപപ്പെടുത്തണം. അങ്ങനെയൊരു പൊതുബോധം രൂപപ്പെടുത്താനുള്ള ഫലപ്രദമായ ഇടപെടല്‍ പാര്‍ട്ടിയുടെയും വര്‍ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ഉണ്ടാകണം. ആ ജനകീയ മുന്നേറ്റത്തില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അണിചേരണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.