KeralaNews

കൊടകരക്കേസ് ഇ.ഡി അട്ടിമറിച്ചു; കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇഡിയുടെ കുറ്റപത്രം; ബിജെപിയുടെ വാലായി ഇഡി മാറിയെന്നും എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് ഇഡി അട്ടിമറിച്ചെന്നും കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇഡിയുടെ കുറ്റപത്രമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൊലീസ് തെളിവുകളുടെ പശ്ചാത്തലത്തിലാണ് കേസില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ ഇഡിയെ പറ്റിയുള്ള അഭിപ്രായം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കുറ്റപത്രം. ബിജെപിയുടെ വാലായി മാറിയ ഇഡി രാഷ്ട്രീയപ്രേരിത ഇടപെടല്‍ നടത്തി. ബിജെപിക്കായി ചാര്‍ജ് ഷീറ്റ് മാറ്റിയെഴുതിയാണ് ഇഡി കോടതിയില്‍ എത്തിച്ചത്.

കോടിക്കണക്കിന് രൂപ ബിജെപി ഓഫീസില്‍ എത്തിച്ചെന്ന് ബിജെപി തൃശൂര്‍ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷിന്റെ മൊഴിയുണ്ടായിരുന്നു. എന്നാല്‍ ഇഡി സതീഷിന്റെ മൊഴിയെടുത്തില്ല. ബിജെപിയെ കേസില്‍ നിന്ന് ഇഡി രക്ഷപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ ഇതുവരെയും ഇഡി തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് ബിജെപിക്കെതിരെ പൊലീസില്‍ മൊഴി നല്‍കിയ ബിജെപി തൃശൂര്‍ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ സാക്ഷിയാക്കിയിട്ടുണ്ടോയെന്ന് അറിയില്ല. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഇഡിയോ മറ്റ് അന്വേഷണ ഏജന്‍സിയോ ബന്ധപ്പെട്ടാല്‍ അത് പറയാന്‍ തയ്യാറാണ്. ചാക്കുകെട്ടുകളിലാണ് ബിജെപി ഓഫീസില്‍ പണം എത്തിയത്.

അത് അന്വേഷിക്കാന്‍പോലും ഇഡിക്ക് കഴിവില്ല. ബിജെപി നേതാക്കന്മാരെ സംരക്ഷിക്കാന്‍ വേണ്ടിയാണിതെന്ന് ഇപ്പോള്‍ വ്യക്തമായി. അന്വേഷകസംഘത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് കുറ്റപത്രം. ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. നടന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും താന്‍ നിയമ പോരാട്ടം തുടരുമെന്നും തിരൂര്‍ സതീഷ് പറഞ്ഞു.

ഇന്ന് ബിജെപിയെ പൂര്‍ണമായും വെള്ളപൂശിക്കൊണ്ട് ഇഡി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊണ്ടുവന്നത് ബിജെപിയുടെ പണമല്ലെന്നും വസ്തു വാങ്ങുന്നതിനായി കൊടുത്തുവിട്ട പണം കൊള്ളയടിച്ചെന്നുമാണ് ഇഡിയുടെ ഭാഷ്യം. പൊലീസിന്റെ കണ്ടെത്തലുകളെ തള്ളി കേസിലെ ബിജെപി ബന്ധം മറച്ചുവെച്ചാണ് ഇഡി കുറ്റപത്രം നല്‍കിയത്. 23 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഭൂമി ഇടപാടിനായുള്ള കള്ളപ്പണമാണ് പിടികൂടിയതെന്നാണ് ഇഡി പറയുന്നത്.

കൊണ്ടുവന്നത് ബിജെപിയുടെ പണമല്ലാത്തതിനാല്‍ ഇനി തുടരന്വേഷണം വേണ്ടെന്നുമാണ് ഇഡിയുടെ വാദം. കുഴല്‍പ്പണക്കേസിലെ ബിജെപി ബന്ധം വ്യക്തമായി വെളിപ്പെടുത്തുന്ന പൊലീസ് റിപ്പോര്‍ട്ടിനെ അട്ടിമറിച്ചാണ് ബിജെപിക്കനുകൂലമായി ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്.

ആലപ്പുഴ തിരുവിതാംകൂര്‍ പാലസിന്റെ വസ്തു വാങ്ങുന്നതിന് ഡൈവര്‍ ഷംജീറിന്റെ കൈയ്യില്‍ ധര്‍മരാജ് കൊടുത്ത് വിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയിക്കപ്പെട്ടുവെന്ന് മാത്രമാണ് ഇഡി കേസ്. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ മൂന്ന് ലക്ഷം രൂപയും എട്ട് ലക്ഷം രൂപയുടെ വസ്തുവും കണ്ടുകെട്ടിയതായും കുറ്റപത്രത്തില്‍ പറയുന്നു.

എന്നാല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പുപ്രചാരണത്തിനായി കര്‍ണ്ണാടകത്തില്‍ നിന്ന് കൊണ്ടുവന്ന കള്ളപ്പണമാണ് തട്ടിയെടുത്തതെന്ന് പൊലീസ് കുറ്റപത്രത്തിലുണ്ട്. കുഴല്‍പ്പണ കവര്‍ച്ച സംഘത്തെ അറസ്റ്റ് ചെയ്ത പൊലീസ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker