KeralaNews

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ പ്രകീര്‍ത്തിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു ഗോവിന്ദന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിലായിരുന്നു അന്‍വര്‍ ഇത് സംബന്ധിച്ച് വിശദീകരണം നടത്തിയത്. സിപിഎമ്മുമായി അന്‍വറിന് ഇനി ഒരു തരത്തിലും ബന്ധമില്ലെന്ന് എം.വി.ഗോവിന്ദന്‍ വ്യക്തമാക്കുകയും ചെയ്തു.

‘ജനങ്ങള്‍ നല്‍കുന്ന പരാതി പരിശോധിച്ച് മുന്നോട്ട് പോകുന്ന രീതിയാണ് സിപിഎമ്മിനുള്ളത്. അന്‍വര്‍ നല്‍കിയ പരാതിയും ആ തരത്തില്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. പരസ്യമായി ഉന്നയിച്ച ശേഷമാണ് പരാതി നല്‍കിയത്. അത് പാര്‍ട്ടിയുടെ ശൈലിയല്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ചു. പാര്‍ട്ടി സെക്രട്ടറിയേറ്റ് അന്‍വര്‍ നല്‍കിയ പരാതി പരിശോധിച്ചിരുന്നു. ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഉന്നയിച്ചിരുന്നത് എന്നതുകൊണ്ട് സര്‍ക്കാരിന്റെ പരിഗണനക്ക് വിട്ടു. ആവശ്യമെങ്കില്‍ അതിന്റെ തുടര്‍ച്ചയായി നടപടി സ്വീകരിക്കാമെന്നും തീരുമാനിച്ചു.

അന്‍വര്‍ നല്‍കിയ പരാതി പാര്‍ട്ടി ചര്‍ച്ചചെയ്ത് അത് സംബന്ധിച്ചെടുത്ത തീരുമാനം പരസ്യമായി അറിയിക്കുകയും ചെയ്തു. അന്ന് അന്‍വറിന്റെ പരാതിയില്‍ പി. ശശിക്കെതിരായ പരാമര്‍ശം ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് രണ്ടാമതൊരു പരാതി അന്‍വര്‍ നല്‍കിയത്. അത് പാര്‍ട്ടി പരിശോധിച്ചുവരികയാണ്. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേരിട്ട് കാണാനായി അന്‍വറിനെ ഞാന്‍ വിളിച്ചിരുന്നു. മൂന്നാം തീയതി കാണാനായി നിശ്ചയിക്കുകയും ചെയ്തു. അതിന് ശേഷമാണ് അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ച് വീണ്ടുമൊരു പത്രസമ്മേളനം അദ്ദേഹം നടത്തിയത്.

പ്രതികരിക്കില്ലെന്ന് പറഞ്ഞ് പത്രസമ്മേളനവും ആക്ഷേപം നടത്തിയതിനെത്തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് പത്രകുറിപ്പ് ഇറക്കിയത്. ഇനി ആവര്‍ത്തിക്കരുതെന്ന് പറയുന്ന പ്രസ്താവനയായിരുന്നു അത്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഒന്നുകൂടി വിശദീകരിച്ചു. വന്ന പരാതികള്‍ പരിശോധിക്കുന്നതിനിടയില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും വിശ്വാസമര്‍പ്പിക്കാന്‍ അദ്ദേഹം തയ്യാറായില്ല. യുഡിഎഫും ബിജെപിയും മാധ്യമങ്ങളും കേരളത്തിലെ സര്‍ക്കാരിനെതിരെ ഇക്കാലമത്രയും പറഞ്ഞതാണ് ആരോപണമായി അന്‍വര്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ നടത്തിയത്. അച്ചടക്കമുള്ള സംഘടനയുടെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍ക്ക് ആലോചിക്കാന്‍പോലും സാധിക്കാത്ത നിലപാടാണ് അന്‍വറിന്റെ ഭാഗത്തുനിന്നുണ്ടായത്, ഗോവിന്ദൻ പറഞ്ഞു.

വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രിയും ഞാനും പോളിറ്റ്ബ്യൂറോ അംഗവും കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. മലപ്പുറം ഉള്‍പ്പടെയുള്ള വിവിധ സഖാക്കളും അന്‍വറുമായി ആശയവിനിമയം നടത്തിയിരുന്നു. അന്‍വറിന്റെ അഭിപ്രായം കേള്‍ക്കാതിരിക്കുകയോ പരിശോധിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു സമീപനം ഉണ്ടായിട്ടില്ല. പാര്‍ട്ടിയും സര്‍ക്കാരും ഇതെല്ലാം പരിശോധിച്ചിട്ടുണ്ട്. നല്ല പരിഗണന പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അന്‍വര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതൊന്നും ഇതില്‍ പരിഗണനക്ക് എടുത്തിരുന്നില്ല. ഉയര്‍ന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് അന്വേഷിച്ചിരുന്നത്, ഗോവിന്ദൻ വ്യക്തമാക്കി.

മുഹമ്മദ് റിയാസിനേക്കുറിച്ചും അന്‍വര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് റിയാസിനെ പ്രകീര്‍ത്തിച്ച് അന്‍വര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. എത്ര അവസരവാദപരമായിട്ടാണ് അന്‍വര്‍ കാര്യങ്ങളവതരിപ്പിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെയും ഇത്തരത്തില്‍ അപവാദ പ്രചാരണങ്ങള്‍ നടന്നിട്ടുണ്ട്.

കോടിയേരി ജീവിച്ചിരിക്കുമ്പോള്‍ അതിശക്തമായ കടന്നാക്രമണം നടത്തിയിരുന്നു. ഞാന്‍ ചങ്ങലക്കെട്ടുകള്‍ക്കിടയിലാണ് എന്നാണ് എനിക്കെതിരെ പറഞ്ഞത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന-കേന്ദ്ര നേതാക്കള്‍ക്കെതിരെ ഇങ്ങനെയുള്ള ആരോപണം വരാതിരുന്നാലാണ് അത്ഭുതം. പാര്‍ട്ടിയെ നയിക്കുന്നത് കൂട്ടായ്മയോടെയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker