കോഴിക്കോട്: കോഴിക്കോട് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് എം എന്‍ കാരശ്ശേരി. കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എംടി. അദ്ദേഹം ഐസിയുവിലാണെന്നും ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ രണ്ട് ദിവസം മുമ്പ് ഇവിടെ അഡ്മിറ്റാക്കിയതെന്നും കാരശ്ശേരി മാധ്യമങ്ങളോട് പ്രതികരിച്ചു.
”അദ്ദേഹം അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഞാന്‍ കാണുമ്പോള്‍ അദ്ദേഹം ഓക്സിജന്‍ മാസ്‌ക് വെച്ച് കണ്ണടച്ച് കിടക്കുകയാണ്. തോളത്ത് തട്ടി വിളിച്ചിട്ടും ഞാന്‍ ഇന്നയാളാണെന്ന് പറഞ്ഞു. നഴ്സും പറഞ്ഞു ഇന്നയാളാണെന്ന്. എന്നിട്ടും പ്രതികരിച്ചില്ല. അദ്ദേഹത്തിന്റെ ശരീരത്ത് ഓക്സിജന്‍ കുറവാണെന്നാണ് ഡോക്ടേഴ്സ് പറഞ്ഞത്. ഒന്നും പറയാന്‍ കഴിയാത്ത സന്നിഗ്ധാവസ്ഥയിലാണ് അദ്ദേഹം ഉള്ളത്. അദ്ദേഹത്തിന്റെ മക്കളുമായി സംസാരിച്ചു. ഓര്‍മ്മയുണ്ട്, പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷിയുള്ളതായി തോന്നിയില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം ഇവിടെ ആശുപത്രിയിലുണ്ട്.” എം എന്‍ കാരശ്ശേരി വിശദമാക്കി.
ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആരോഗ്യനില നിരീക്ഷിക്കുന്നു. ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധ്യമായ എല്ലാ കാര്യങ്ങളും ഡോക്ടര്‍മാര്‍ ചെയ്യുന്നുണ്ടെന്ന് എംടിയെ സന്ദര്‍ശിച്ചതിനു പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയ സമയത്തെ അവസ്ഥ തന്നെ തുടരുകയാണെന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണം.
ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമെ ശരീരത്തിന്റെ മറ്റു അവയവങ്ങളുടെ പ്രവര്‍ത്തനവും മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു മാസത്തിനിടെ പല തവണയായി എം ടിയെ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശ്വാസ തടസത്തെ തുടര്‍ന്നാണ് എംടിയെ ഇക്കഴിഞ്ഞ 15ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും കുറച്ചുനാളുകളായി അലട്ടിയിരുന്നു. അഞ്ചു ദിവസത്തെ ചികിത്സയിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇന്നലെ രാത്രിയോടെ രക്തസമ്മര്‍ദത്തിലടക്കം കാര്യമായ വ്യതിയാനമുണ്ടായി. ഇതേതുടര്‍ന്നാണ് ഇന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. എംടിയുടെ മകള്‍ അശ്വതി, സുഹൃത്തും സാഹിത്യക്കാരനുമായ എംഎന്‍ കാരശ്ശേരി ഉള്‍പ്പെടെയുള്ളവരും ആശുപത്രിയിലുണ്ട്.