പാലക്കാട്: പനയംപാടത്ത് പരീക്ഷകഴിഞ്ഞ് മടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുകളിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിച്ച സംഭവത്തില്‍ എതിരേ വന്ന ലോറി ഡ്രൈവര്‍ക്കെതിരേ മനപ്പൂര്‍വമായ നരഹത്യാകുറ്റം ചുമത്തി. വഴിക്കടവ് സ്വദേശിയായ പ്രജീഷിനെതിരേയാണ് മനപ്പൂര്‍വമായ നരഹത്യാകുറ്റം ചുമത്തിയത്. തനിക്ക് പറ്റിയ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രജീഷ് പോലീസിനോട് സമ്മതിച്ചു.
ഒരു ബൈക്ക് കുറുകേ ചാടിയെന്നും പക്ഷേ താനത് ശ്രദ്ധിക്കാതെ പോയപ്പോഴുള്ള പിഴവാണ് അപകടത്തിന് കാരണമെന്നുമാണ് പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ അപകടം നടക്കുമ്പോള്‍ പ്രജീഷ് ഫോണ്‍ ഉപയോഗിച്ചു എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയംപാടത്തായിരുന്നു അപകടം ഉണ്ടായത്. കരിമ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ കരിമ്പ ചെറൂളി പേട്ടേത്തൊടിവീട്ടില്‍ റഫീഖിന്റെ മകള്‍ റിദ (13), പള്ളിപ്പുറം വീട്ടില്‍ അബ്ദുള്‍ സലാമിന്റെ മകള്‍ ഇര്‍ഫാന ഷെറിന്‍ (13), കവുളേങ്ങല്‍ വീട്ടില്‍ സലീമിന്റെ മകള്‍ നിത ഫാത്തിമ (13), അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്റെ മകള്‍ അയിഷ (13) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കാസര്‍കോട് സ്വദേശികളായ ലോറി ഡ്രൈവര്‍ വര്‍ഗീസ്(51), ക്ലീനര്‍ മഹേന്ദ്രപ്രസാദ്(28) എന്നിവര്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെയായിരുന്നു അപകടം. സ്‌കൂളില്‍നിന്ന് റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന അഞ്ച് കുട്ടികള്‍ക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ലോറി വരുന്നതുകണ്ട് മറുവശത്തേക്ക് ഓടിമാറിയ ഒരു കുട്ടി രക്ഷപ്പെട്ടു.
ബാക്കി നാലുപേര്‍ ലോറിക്കടിയിലും സമീപത്തെ ചാലിനിടയിലുമായി കുടുങ്ങിയനിലയിലായിരുന്നു. സിമന്റുമായെത്തിയ ലോറി മണ്ണാര്‍ക്കാട് ഭാഗത്തേക്കു പോവുകയായിരുന്നു. പനയംപാടത്തെ കയറ്റം കയറിയ ലോറിയുടെ മുന്നില്‍ മണ്ണാര്‍ക്കാട് ഭാഗത്തുനിന്നെത്തിയ മറ്റൊരു ലോറി ഇടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് കരുതുന്നത്. സംഭവസമയത്ത് ചെറിയ ചാറ്റല്‍മഴയുണ്ടായിരുന്നു.