26 C
Kottayam
Sunday, April 28, 2024

ചോർത്തിയത് ഒരുലക്ഷത്തിലേറെ ഫോൺകോളുകൾ;തെലങ്കാനയിലെ മുൻ ഐ.ബി. മേധാവിക്കെതിരേ ലുക്കൗട്ട് നോട്ടീസ്

Must read

ഹൈദരാബാദ്: വിവാദമായ ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ തെലങ്കാനയിലെ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി) മേധാവി ടി. പ്രഭാകര്‍ റാവു അടക്കമുള്ള പ്രതികള്‍ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തെലങ്കാനയിലെ മുന്‍ ഐ.ബി. മേധാവിയായ പ്രഭാകര്‍ റാവു ഫോണ്‍ചോര്‍ത്തല്‍ കേസിലെ ഒന്നാംപ്രതിയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇദ്ദേഹം യു.എസിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രഭാകര്‍ റാവുവിന് പുറമേ കേസിലെ മറ്റൊരുപ്രതിയായ സിറ്റി ടാസ്‌ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥനായിരുന്ന രാധാ കിഷന്‍ റാവുവിനെതിരേയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഫോണ്‍ചോര്‍ത്തല്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വിവിധയിടങ്ങളില്‍ വ്യാപകമായ റെയ്ഡും നടന്നിരുന്നു.

പ്രഭാകര്‍ റാവുവിന്റെ ഹൈദരാബാദിലെ വീട്ടിലും തെലുഗു ടി.വി. ചാനല്‍ ഉടമ ശ്രാവണ്‍ റാവുവിന്റെ വീട്ടിലുമാണ് കഴിഞ്ഞദിവസം റെയ്ഡ് നടന്നത്. ശ്രാവണ്‍ റാവുവും നിലവില്‍ രാജ്യംവിട്ടതായാണ് സൂചന.

തെലങ്കാനയില്‍ ബി.ആര്‍.എസ്. സര്‍ക്കാരിന്റെ കാലത്ത് നടന്ന വ്യാപകമായ ഫോണ്‍ചോര്‍ത്തലിലാണ് ദ്രുതഗതിയില്‍ അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ അറസ്റ്റിലായിരുന്നു. എ.എസ്.പി.മാരായ ഭുജംഗറാവു, തിരുപ്പതണ്ണ, ഡി.എസ്.പി. പ്രണീത് റാവു എന്നിവരാണ് അറസ്റ്റിലായവര്‍. കേസുമായി ബന്ധപ്പെട്ട് തെലങ്കാന പോലീസിലെ നിരവധി ഉദ്യോഗസ്ഥര്‍ അന്വേഷണപരിധിയിലുണ്ട്.

കെ.ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിന്റെ കാലത്ത് വിവിധ രാഷ്ട്രീയ നേതാക്കളെയും സിനിമാതാരങ്ങളെയും വ്യവസായികളെയും രഹസ്യമായി നിരീക്ഷിച്ചെന്നും ഇതിലൂടെ ശേഖരിച്ച ഇലക്ട്രോണിക് ഡേറ്റകള്‍ ഉപയോഗിച്ച് ഇവരില്‍ പലരെയും പിന്നീട് ഭീഷണിപ്പെടുത്തിയെന്നുമാണ് കണ്ടെത്തല്‍. നിലവില്‍ തെലങ്കാന മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി, ബി.ജെ.പി, കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവര്‍ക്ക് പുറമേ ബി.ആര്‍.എസ് നേതാക്കളും പോലീസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. ഏകദേശം ഒരുലക്ഷത്തിലേറെ ഫോണ്‍കോളുകള്‍ ഇവര്‍ ചോര്‍ത്തിയതായും പോലീസ് സംഘം പറയുന്നു.

തെലുഗു ടി.വി. ചാനല്‍ ഉടമയായ ശ്രാവണ്‍ റാവുവാണ് അനധികൃത ഫോണ്‍ചോര്‍ത്തലിന് സഹായം ചെയ്തുനല്‍കിയതെന്നാണ് ആരോപണം. ഇതിനായി ഇസ്രേയലില്‍നിന്നുള്ള ഉപകരണം സ്ഥാപിക്കാന്‍ ഉള്‍പ്പെടെ ശ്രാവണ്‍റാവു സഹായിച്ചു. ഒരു സ്‌കൂളിലാണ് ഇത്തരം ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ ഫോണ്‍ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ സമ്മതിച്ചതായാണ് അന്വേഷണസംഘം പറയുന്നത്. സ്വകാര്യവ്യക്തികളെ നിരീക്ഷിച്ചിരുന്നതായും പല വിവരങ്ങളും പിന്നീട് നശിപ്പിച്ചതായും ഇവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പ്രണീത് റാവു അജ്ഞാത വ്യക്തികളുടെ പ്രൊഫൈലുകള്‍ തയ്യാറാക്കുകയും ഇവരെ അനധികൃതമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമേ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്നും നിരവധി വിവരങ്ങള്‍ ഇയാള്‍ നശിപ്പിച്ചുകളഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഐ.ബി. മേധാവിയായിരുന്ന പ്രഭാകര്‍ റാവുവിന്റെ ഉത്തരവനുസരിച്ചാണ് എല്ലാ തെളിവുകളും നശിപ്പിച്ചതെന്നാണ് പ്രതികളുടെ മൊഴി. 2023-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ആര്‍.എസിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരം പിടിച്ചതിന്റെ പിറ്റേദിവസമാണ് പ്രഭാകര്‍ റാവു ഇതെല്ലാം നശിപ്പിക്കാന്‍ ഉത്തരവിട്ടതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week