FeaturedHome-bannerKeralaNews

ലോകായുക്ത വിധി വെള്ളിയാഴ്ച,മുഖ്യമന്ത്രി പ്രതി,സര്‍ക്കാരിന്‌ നിർണായകം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിതരണത്തില്‍ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹര്‍ജിയില്‍ ലോകായുക്ത നാളെ വിധി പറയും. വെള്ളിയാഴ്ച വിധി പറയേണ്ട കേസുകളുടെ പട്ടികയില്‍ ദുരിതാശ്വാസനിധി കേസും ഉള്‍പ്പെടുത്തി. കഴിഞ്ഞ സര്‍ക്കാരിന്റെകാലത്തെ വിതരണം സംബന്ധിച്ചാണ് പരാതി. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എതിര്‍കക്ഷികള്‍.

ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.ടി. ജലീലിന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. വിധി എതിരായാല്‍ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് നിയമവിഗ്ധര്‍ പറയുന്നു.

ദുരിതാശ്വാസനിധി കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി പ്രഖ്യാപിക്കാനായി ലോകായുക്തയ്ക്കു പരാതി നല്‍കാന്‍ നിര്‍ദേശിച്ച കോടതി, ഏപ്രില്‍ മൂന്നിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്..

എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനെതിരെയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിരുന്നു. ആറു മാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാന്‍ ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ലോകായുക്തയില്‍ കേസിന്റെ വാദം നടക്കുന്നതിനിടെ, ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ കഴിയുന്നതാണ് ലോകായുക്തയുടെ 14ാം വകുപ്പ്. ലോകായുക്തയുടെ റിപ്പോര്‍ട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയില്‍ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടിവന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതിനാല്‍ പഴയ നിയമമാണ് നിലനില്‍ക്കുന്നത്. ലോകായുക്ത വിധി എതിരായാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിര്‍ബന്ധമായും രാജിവെക്കേണ്ട വ്യവസ്ഥയാണ് നിലവിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker