സറ്റാവഞ്ചർ: റഷ്യൻ ചാരത്തിമിംഗലം എന്ന് സംശയിക്കുന്ന ഹ്വാൾദിമിറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. നേർവേയ്ക്ക് സമീപം കടലിലാണ് ബെലൂഗ തിമിംഗലം ആയ ഹ്വാൾദിമിറിനെ ചത്തനിലയിൽ കണ്ടത്. ബെലൂഗ തിമിംഗലത്തെ വെടിവച്ച് കൊന്നതാണെന്ന് ആയിരുന്നു പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം.
എന്നാല്‍, മനുഷ്യന്റെ ഇടപെടലുകളല്ല ബെലൂഗ തിമിംഗലത്തിന്റെ മരണത്തിന് കാരണമായതെന്ന് ഫോറൻസിക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വായിൽ കുടുങ്ങിയ വലിയൊരു മരത്തടി നീക്കാനാവാതെ വന്നതാണ് ബെലൂഗ തിമിംഗലത്തിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. 35 സെന്റിമീറ്ററും 3 സെന്റിമീറ്റർ വ്യാപ്തിയുമുള്ള ഒരു മരക്കഷ്ണം ഹ്വാൾദിമിറിന്റെ വായിൽ കുടുങ്ങിയിരുന്നു. ഇത് തീറ്റ തേടുന്നതിലടക്കം തിമിംഗലത്തിന് തടസം സൃഷ്ടിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നു.
അന്തർദേശീയ തലത്തിൽ ഹ്വാൾദിമിറിന്റെ മരണം സംബന്ധിച്ച് ചർച്ചയായതിന് പിന്നാലെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നത്. നോർവീജിയൻ പോലീസാണ് ബെലൂഗ തിമിംഗലത്തിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചത്. തിമിംഗലത്തിന്റെ ശരീരത്തിൽ വെടിയേറ്റതിന്റെ നിരവധി അടയാളങ്ങളുണ്ടെന്നായിരുന്നു വൺ വെയിൽ ആൻഡ് നോഹ എന്ന മൃഗാവകാശ സംഘടന ആരോപണം ഉന്നയിച്ചിരുന്നത്.
റിസവിക ഉൾക്കടലിന് സമീപം ആയിരുന്നു ഹ്വാൾദിമിറിനെ കണ്ടത്. മത്സ്യത്തൊഴിലാളികളായ പിതാവും മകനും ആയിരുന്നു തിമിംഗലത്തെ ആദ്യം കണ്ടത്. കഴുത്തിലെ ബെൽറ്റ് കണ്ടപ്പോൾ സംശയം തോന്നിയ ഇവർ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയായിരുന്നു. ആൺ ബെലൂഗ തിമിംഗലം ആണ് ഹ്വാൾദിമർ.
2019ലാണ് ഈ തിമിംഗലത്തെ ആദ്യമായി കണ്ടത്. വടക്കൻ നോർവേയിലെ തീരനഗരമായ ഹമ്മർഫെസ്റ്റിന് സമീപം കടലിൽ ആയിരുന്നു ആദ്യമാണ് ഹ്വാൾദിമിറിനെ കണ്ടത്. കഴുത്തിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്നുള്ള ഉപകരണം എന്ന് രേഖപ്പെടുത്തിയ കോളർ ബെൽറ്റോടെയായിരുന്നു കണ്ടത്. ഇത് കണ്ടതോടെ റഷ്യ പരിശീലനം നൽകിയ ചാര തിമിംഗലം ആണെന്ന സംശയം ഉയരുകയായിരുന്നു. മറൈൻ മൈൻഡ് എന്ന സ്ഥാപനം ആണ് ഹ്വാൾദിമറിനെ സംരക്ഷിച്ച് പോന്നത്.