KeralaNews

ട്രീവാലി റിസോർട്ടിന് മുകളിൽ നിന്ന് രക്ഷിക്കാൻ സഹായം തേടി മുന്നൂറോളം പേർ; പ്രദേശത്ത് വലിയ മഴ, മലയിടിയാൻ സാധ്യത

കൽപ്പറ്റ: വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ മുണ്ടക്കൈയിൽ മലയ്ക്ക് മുകളിൽ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. ട്രീവാലി റിസോർട്ടിന് മുകളിലാണ് നിൽക്കുന്നതെന്നും അവിടെ മുന്നൂറോളം പേരുണ്ടെന്നും നാട്ടുകാരനായ അശ്വിൻ പറഞ്ഞു. . വീണ്ടും ഉരുൾപൊട്ടിയെന്ന് കേട്ടതോടെ രക്ഷാപ്രവർത്തകർ തിരിച്ചുപോയതായി അറിയുന്നുവെന്നും അശ്വിൻ പറഞ്ഞു.

പ്രായമായവരും സ്ത്രീകളും രോ​ഗികളും ഉൾപ്പെടെ നിരവധി പേരാണ് റിസോർട്ടിൽ കുടുങ്ങിക്കിടക്കുന്നത്. നിരവധി പേർ ഒലിച്ചുപോയി. അനേകം കുടുംബങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷിക്കണമെന്നും അധികൃതരെ ഉടൻ വിവരം അറിയിക്കണമെന്നും അശ്വിൻ ആവശ്യപ്പെട്ടു.

ഉരുൾപൊട്ടലുണ്ടായതോടെ നാട്ടുകാർ റിസോർട്ടിൻ്റെ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രദേശത്ത് വീണ്ടും മഴ കനത്തതോടെ വലിയ ആശങ്കയിലാണ് നാട്ടുകാർ. എന്നാൽ ഇവിടേക്ക് റോഡ് മാർഗ്ഗം രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നാണ് വിവരം. വാർത്ത പുറത്തുവന്നതോടെ അധികൃതർ രക്ഷാപ്രവർത്തനത്തിന് തയ്യാറെടുക്കുകയാണ്. 

വയനാട്ടിലെ ഉരുൾപൊട്ടലിൽ വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെന്ന് സൈന്യം പ്രതികരിച്ചു. രക്ഷാദൗത്യത്തിന് 200 സൈനികരടങ്ങിയ രണ്ട് സംഘങ്ങളെത്തും. ഇതിന് പുറമെ കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സി) സെൻ്ററിലെ സൈനികരും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തും. 

കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമിയിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിനെത്തും. സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി എത്തി. അതിനിടെ, നേവിയുടെ 50 അംഗ സംഘവും എത്തിയിട്ടുണ്ട്. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിംഗ് ടീമാണ് വയനാട്ടിൽ എത്തിയത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തിൽ മെഡിക്കൽ വിദഗ്ധരുമുണ്ടാകും.

തെരച്ചിലിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ ലഭ്യമാക്കണമെന്ന് സംസ്ഥാനം അഭ്യർത്ഥിച്ചു. സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം മീററ്റ് ആർ വിസിയിൽ നിന്ന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡ് എത്തും. തെരച്ചിലിന് ഫോറസ്റ്റിൻ്റെ ഡ്രോൺ കൂടി പങ്കാളിയാവും. അതേസമയം, വയനാട്ടില്‍ റെഡ് അലര്‍ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് അതിശ്കതമായ മഴയ്ക്ക് സാധ്യതയുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് മഴ പ്രതിസന്ധിയാകും. താമരശ്ശേരി ചുരം വഴി  വാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

വയനാട്ടിലെ ഉരുൾപൊട്ടലിൽ ലയങ്ങൾ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം തടത്തുന്നതായി സന്നദ്ധപ്രവർത്തകൻ ഷാജി അറിയിച്ചു. നിരവധി ലയങ്ങള്‍ എന്‍ഡിആര്‍എഫിൻ്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഇവിടെയെല്ലം രക്ഷാ പ്രവര്‍ത്തനം നടക്കുന്നുവെന്നും കെവി ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, മരണം 73 ആയി ഉയർന്നു. മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയെന്നും ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നതെന്നും ഷാജി പറഞ്ഞു.

മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. ആളുകളെ രക്ഷപ്പെടുത്താൻ കഴിയുന്നുണ്ട്. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. നിരവധി വീടുകൾ മണ്ണിനടിയിലാണ്. പ്രത്യേകിച്ച് ലയങ്ങൾ മണ്ണിനടിയിൽ പോയിട്ടുണ്ടെന്നും ഇതെല്ലാം കണ്ടെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker