കടുവയെ കൊല്ലാനാകില്ലെങ്കിൽ ഞങ്ങളെ വെടിവെച്ചോളൂ’;പഞ്ചാരക്കൊല്ലിയിൽ വനംവകുപ്പിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തം
മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ മീന്‍മുട്ടി തറാട്ട് രാധ എന്ന സ്ത്രീ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം. വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശമോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.
എന്തുകൊണ്ട് കടുവയെ പിടികൂടിയില്ല എന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ കടുവ തങ്ങളുടെ മുന്നില്‍ നില്‍ക്കുകയല്ലല്ലോ എന്ന് ഒരു ഉദ്യോഗസ്ഥ ചോദിച്ചത് വലിയ തര്‍ക്കത്തിലേക്ക് നയിച്ചു. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ എന്തുകൊണ്ട് സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാർ ഉദ്യോഗസ്ഥരോട് ചോദിച്ചു.
‘കടുവയെ നേരില്‍ കണ്ടാല്‍ നിങ്ങള്‍ക്ക് കൊല്ലാനാകുമോ? അല്ലെങ്കില്‍ നിങ്ങള്‍ക്ക് കടുവയെ കണ്ടുപിടിക്കാനാകുമോ? എന്തുകൊണ്ടാണ് ബോധവല്‍ക്കരണം നടത്താത്തത്? എന്തുകൊണ്ട് ഇവിടുത്തെ പഞ്ചായത്തും മുനിസിപ്പാലിറ്റിയുമായി നിങ്ങള്‍ ബന്ധപ്പെടുന്നില്ല? കടുവയെ കൊലപ്പെടുത്താന്‍ നിങ്ങള്‍ക്ക് ലഭിച്ച ഉത്തരവില്‍ ഞങ്ങള്‍ക്ക് വ്യക്തത വേണം. ജനങ്ങളുടെ ആശങ്കകള്‍ക്ക് മറുപടി വേണം. കടുവയെ കൊല്ലാനാകില്ലെങ്കില്‍ തങ്ങളെ വെടിവെച്ച് കൊല്ലണം’- പ്രതിഷേധക്കാര്‍ പറഞ്ഞു.
ബോധവല്‍ക്കരണം നടത്തുന്നതുമായി സംബന്ധിച്ച് തങ്ങള്‍ക്ക് നിര്‍ദ്ദേശം ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരോട് പറഞ്ഞു. വനവിഭവ ശേഖരണം നടത്തുന്നവരില്‍ തങ്ങള്‍ ബോധവല്‍ക്കരണം നടത്തിയിരുന്നു. കടുവയെ കണ്ടെത്താനും വെടിവെക്കാനുമാണ് ഉത്തരവ് ലഭിച്ചതെന്നും അവർ വിശദീകരിച്ചു. എന്നാൽ കടുവ കൂട്ടിൽ കയറിയാല്‍ വെടിവെയ്ക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ തങ്ങള്‍ ചെയ്യാമെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുവയെ പിടികൂടി കൊല്ലുന്നതുവരെ തങ്ങള്‍ പിന്‍മാറില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.