
കൊച്ചി:മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്നു കേന്ദ്ര സർക്കാർ. വായ്പയ്ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം നൽകുമെന്നും മുതലും പലിശയും പുനഃക്രമീകരിക്കുമെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
എന്നാൽ കേന്ദ്രതീരുമാനത്തിൽ തൃപ്തരല്ലെന്നു വ്യക്തമാക്കിയ ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വായ്പ എഴുതിത്തള്ളുന്ന കാര്യം പരിഗണിക്കണമെന്നും നിർദേശിച്ചു. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ ഏപ്രിൽ ഏഴിനുള്ളിൽ സത്യവാങ്മൂലം നൽകാൻ നിർദേശിച്ച കോടതി കേസ് വീണ്ടും അടുത്ത മാസം ഒൻപതിനു പരിഗണിക്കാൻ മാറ്റി.
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണു കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളില്ല. പകരം വായ്പ പുനഃക്രമീകരിക്കും. പുനഃക്രമീകരണത്തില്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഉള്‍പ്പെടും. വായ്പയില്‍ ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്പയായി കണക്കാക്കും. വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
മൊറട്ടോറിയം കാലയളവിലും വായ്പയ്ക്കു പലിശ ഈടാക്കുമെന്ന് ഹൈക്കോടതിയുടെ ചോദ്യത്തിനു കേന്ദ്ര സര്‍ക്കാര്‍ മറുപടി നൽകി. അങ്ങനെയെങ്കില്‍ വായ്പയെടുത്ത ദുരന്തബാധിതര്‍ക്ക് എന്തു ഗുണമെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ദുരന്തബാധിതരുടെ ദുരവസ്ഥ ആരു പരിഗണിക്കുമെന്ന ചോദ്യത്തിനു സാഹചര്യം മെച്ചപ്പെടുമെന്നാണു പ്രതീക്ഷയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മനസ്സര്‍പ്പിച്ചു തീരുമാനമെടുക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
വിഷയത്തിൽ വിശദമായ സത്യവാങ്മൂലം നല്‍കാനും നിര്‍ദ്ദേശമുണ്ട്. വായ്പ തിരിച്ചുപിടിക്കാനുള്ള ബാങ്ക് ഓഫ് ബറോഡയുടെ നടപടികൾ വസ്തുതകൾ പരിശോധിക്കാതെയായിരുന്നുവെന്നും അതിനാൽ നിർത്തിവച്ചെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
കോവിഡ് സമയത്തുപോലും വായ്പ എഴുതിത്തള്ളിലേക്കു കടന്നിട്ടില്ലെന്നാണു കേന്ദ്രം തങ്ങളുടെ ന്യായമായി ചൂണ്ടിക്കാട്ടിയത്. കൂട്ടായ തീരുമാനമായിരുന്നു എന്നും ഇക്കാര്യത്തിൽ സമവായമുണ്ടായിരുന്നു എന്നും കേന്ദ്രം വ്യക്തമാക്കി.
വായ്പ നല്‍കിയവരുടെ സമവായല്ലേ ഉണ്ടായത് എന്നു കോടതി തിരികെ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതിയുടെ തീരുമാനമാണെന്നു കേന്ദ്രം അറിയിച്ചത്. എന്നാൽ സാഹചര്യത്തിന്റെ യാഥാർഥ്യം മനസിലാക്കേണ്ടതുണ്ടെന്നു കോടതി വാക്കാൽ പറഞ്ഞു. ബാങ്കുകൾ ഈ രീതിയിൽ പ്രവർത്തിക്കുന്നതു ശരിയായ കാര്യമല്ലെന്നും കോടതി പറഞ്ഞു.
പുനരധിവാസത്തിനുള്ള കേന്ദ്ര വായ്പ വിനിയോഗിക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടിയ കാര്യത്തിലെ വിശദീകരണവും കേന്ദ്ര സർക്കാർ കോടതിയിൽ നൽകി. ഇതു ധനകാര്യവകുപ്പ്, പൊതുമരാമത്ത് വകുപ്പ് അടക്കമുള്ള പദ്ധതി നിർവഹണ ഏജൻസികൾക്കു പണം അനുവദിക്കാനുള്ള സമയമാണ്.
അനുവദിച്ച പദ്ധതിക്കാണു പണം വിനിയോഗിച്ചത് എന്ന് ഉറപ്പാക്കി പിന്നീട് യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകാവുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കി. നേരത്തെ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാത്തതിനു കോടതി കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.