കൊല്ലം: പ്രധാനമന്ത്രിയുടെ പേരിലെ സ്വയംതൊഴില്‍ വായ്പ മറയാക്കി സാമ്പത്തിക തട്ടിപ്പുനടത്തിയ സംഘത്തിലെ മുഖ്യപ്രതിയും പങ്കാളിയും പിടിയില്‍. കുളത്തൂപ്പുഴ പതിനൊന്നാംമൈല്‍ സുമിതഭവനില്‍ സുമിത, പങ്കാളി ഏരൂര്‍ ചില്ലിങ്പ്‌ളാന്റിന് സമീപം വിപിന്‍ സദനത്തില്‍ വിപിന്‍കുമാര്‍ എന്നിവരെയാണ് കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിലൊരാള്‍ വീട്ടിലെത്തിയതായി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിപിനെ കഴിഞ്ഞദിവസം പുലര്‍ച്ചെ വീട്ടില്‍നിന്നു പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണ് ഏരൂര്‍ പാണയത്ത് ഒളിവില്‍ക്കഴിഞ്ഞിരുന്ന സുമിതയെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇവരെക്കൂടാതെ കുളത്തൂപ്പുഴ സ്വദേശികളായ രമ്യ പ്രദീപ്, ഭര്‍ത്താവ് ബിനു എന്നിവരും സംഘത്തിലുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലയില്‍നിന്നുള്ള ഒട്ടേറെ ആളുകളില്‍നിന്നാണ് വായ്പത്തട്ടിപ്പ് നടത്തിയത്. ലക്ഷങ്ങള്‍ വായ്പ ലഭിക്കുമെന്നും ഇതിനായി മാര്‍ജിന്‍ മണി എന്ന നിലയില്‍ ആദ്യം കുറച്ചു തുക അടയ്ക്കണമെന്നും വായ്പ ലഭിക്കുമ്പോള്‍ മുന്‍കൂര്‍ വാങ്ങിയ പണത്തിനു പുറമേ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള തുകകൂടി നല്‍കാമെന്നുള്ള ഉറപ്പിലാണ് ലക്ഷങ്ങള്‍ ഇവര്‍ തട്ടിയത്.
എന്നാല്‍ വാഗ്ദാനം നല്‍കിയ സമയം കഴിഞ്ഞിട്ടും വായ്പയോ നല്‍കിയ പണമോ മടക്കി ലഭിക്കാതെ വന്നതോടെ തട്ടിപ്പിനിരയായവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തുനിന്നു മുങ്ങിയ പ്രതികള്‍ ഒളിവിലിരുന്നു പരാതിക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ രമ്യ പ്രദീപിനെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു. നാളുകള്‍ കഴിഞ്ഞിട്ടും നടപടി ഒന്നുമാകാതെ വന്നതോടെ തട്ടിപ്പിനിരയായ ലിഷ, ഉമ, ധനൂജ എന്നിവര്‍ പ്രതികളിലൊരാളായ സുമിതയുടെ ഭാരതീപുരത്തുള്ള വീടിനു മുന്നില്‍ പന്തല്‍കെട്ടി സമരം തുടങ്ങി. മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് പ്രതികളെ ഇപ്പോള്‍ പോലീസ് പിടികൂടിയത്.