സീനുകളെ പറ്റി ആദ്യമേ സംസാരിക്കും; എന്നാലും സെറ്റിൽ പോയാൽ അത്തരം രംഗം ചെയ്യുമോയെന്ന് ചോദിക്കുമെന്ന് മാളവിക
കൊച്ചി:തമിഴ് സിനിമാ ലോകത്ത് നായികമാർ തരംഗം സൃഷ്ടിച്ച കാലഘട്ടമായിരുന്നു 2000 ങ്ങളുടെ തുടക്കം. സൂപ്പർ ഹിറ്റ് ഗാനങ്ങളും ഡാൻസ് നമ്പറുകളുമെല്ലാം നിറഞ്ഞ് നിന്നത് താരതമ്യേന ഈ സമയത്തായിരുന്നു. അക്കാലത്ത് നിരവധി നായികമാർ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ തിളങ്ങി.
ഉത്തരേന്ത്യയിൽ നിന്നുള്ള നടിമാർക്ക് തമിഴ്, തെലുങ്ക് സിനിമകളിൽ മേധാവിത്വം വരുന്നതിന് മുമ്പുള്ള കാലഘട്ടവും ആയിരുന്നു ഇത്. മീന, രംഭ, റോജ, രമ്യ കൃഷ്ണ തുടങ്ങിയ നായികമാർ മിന്നിത്തിളങ്ങി നിന്ന കാലഘട്ടവും 90 കളും 2000 ങ്ങളുടെ തുടക്കവും ആയിരുന്നു. അന്ന് തമിഴ്, തെലുങ്ക് സിനിമകളിൽ തരംഗം സൃഷ്ടിച്ച നായിക നടി ആയിരുന്നു മാളവിക.
പ്രത്യേകിച്ചും ഗാന രംഗങ്ങളിലാണ് മാളവിക കൂടുതലായും തിളങ്ങിയത്. ഇതിൽ കറുപ്പ് താൻ എനക്ക് പുടിച്ച കളറ് എന്ന ഗാനമാണ് മാളവികയ്ക്ക് വൻ പ്രശസ്തി നേടിക്കൊടുത്തത്. ഇന്നും പ്രേക്ഷക മനസ്സിൽ എവർഗ്രീൻ ആയി നിലനിൽക്കുന്ന ഗാനമാണിത്. സിനിമകളിൽ തിളങ്ങി നിന്ന മാളവിക സഹ നടി വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
2009 ന് ശേഷം മാളവികയെ കൂടുതലായും സിനിമകളിൽ കണ്ടിട്ടുമില്ല. ചന്ദ്രമുഖി ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. കുരുവി, ആയുധം സെയ്വം തുടങ്ങിയ സിനിമകളിൽ ഗസ്റ്റ് റോളിലും മാളവിക അഭിനിയിച്ചു.
ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മാളവിക. ഗലാട്ട തമിഴ് ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
സിനിമകളിലെ തന്റെ ഹിറ്റ് ഗാന രംഗങ്ങളെ പറ്റിയും ആരാധകരെക്കുറിച്ചുമെല്ലാം മാളവിക സംസാരിച്ചു. ആദ്യ കാലത്ത് സിനിമകൾ ചെയ്യുമ്പോൾ സീനുകളെ പറ്റി ആദ്യം ചോദിച്ച് മനസ്സിലാക്കി ധാരണയിലെത്തുമെന്നും പിന്നീട് ഒരു ചുംബനം രംഗം വന്നാൽ അതിന് തയ്യാറാവില്ലായിരുന്നെന്നും മാളവിക പറഞ്ഞു.
‘സീനുകളെക്കുറിച്ച് ആദ്യമേ സംസാരിക്കും. പക്ഷെ സ്പോട്ടിൽ പോയതിന് ശേഷവും അവർ ട്രെെ ചെയ്യും. ഇത് ചെയ്യുമോ എന്ന്. പക്ഷെ അതെല്ലാം നായികയുടെ കംഫർട്ട് ആശ്രയിച്ചാണ്. ഷൂട്ടിന് മുമ്പ് സീനുകളെ പറ്റി സംസാരിക്കും. അതിന് ശേഷം ഒന്ന് ചുംബിക്കൂ എന്ന് പറഞ്ഞാൽ ഞാനെങ്ങനെ കേൾക്കാനാണ്’
അന്ന് ചില സിനിമകൾ ഞാൻ വേണ്ടെന്ന് വെച്ചു. ആ സിനിമ ഞാനെന്ത് കൊണ്ട് ചെയ്തില്ല എന്ന് ആലോചിച്ച് പിന്നീട് പശ്ചാത്തപിച്ചിട്ടുണ്ട്.
കറുപ്പ് താൻ ഗാനം ഹിറ്റായ ശേഷമാണ് എല്ലാവരും എനിക്ക് പിന്നീട് ഡാൻസ് സോങുകൾ തന്നത്. ഡാൻസ് പഠിച്ചിട്ടില്ല. പ്രാക്ടീസ് ചെയ്താണ് ഡാൻസിൽ തനിക്ക് വഴക്കം വന്നതെന്നും മാളവിക പറഞ്ഞു.
‘ആദ്യം നിങ്ങൾ വളരെ മെലിഞ്ഞിട്ടാണെന്ന പറയുമായിരുന്നു. ഇപ്പോൾ നിങ്ങൾ വളരെ വണ്ണം വെച്ചു എന്ന് പറയും. ബോഡി ഷെയ്മിംഗ് ഇന്ത്യയിലാണ് അധികം. ആരെ പരിചയപ്പെട്ടാലും നിങ്ങൾ വണ്ണം വെച്ചു എന്നാണ് പറയുക. വേറെ ഒന്നും സംസാരിക്കാനില്ല,’ മാളവിക പറഞ്ഞു.
സിനിമാ മേഖലയിൽ ശ്രീദേവി, സുശാന്ത് സിംഗ് രാജ്പുത് എന്നിവരുടെ മരണം തന്നെ വലിയ രീതിയിൽ ബാധിച്ചിരുന്നെന്നും മാളവിക പറഞ്ഞു. സിനിമകളിൽ വീണ്ടും സജീവമാവാനുള്ള ഒരുക്കത്തിലാണ് മാളവിക.