FeaturedHome-bannerNationalNews

രാമക്ഷേത്രത്തിൽ ചോർച്ച, അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി; വിശദീകരണവുമായി നിർമ്മാണ കമ്മിറ്റി, അഴിമതിയുടെ ഹബ്ബെന്ന് കോൺഗ്രസ്

അയോധ്യ: മഴ ശക്തമായതോടെ അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടായതിൽ അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് രംഗത്ത്. ജനുവരിയിൽ തുറന്ന ക്ഷേത്രത്തിന്‍റെ മുഖ്യ കെട്ടിടത്തിന് മുകളിലാണ് മഴയിൽ ചോർച്ചയുണ്ടായത്.

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടായെന്ന് വ്യക്തമാക്കി മുഖ്യ പൂ‍ജാരി ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയതോടെ വിവാദം കനക്കുകയാണ്. ദേശീയ വാർത്താ ഏജൻസിയോട് ആണ് മുഖ്യ പൂ‍ജാരി ആചാര്യ സത്യേന്ദ്ര ദാസ് ചോ‍ർച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. വെള്ളം ഒഴുകി പോകാൻ കൃത്യമായ സംവിധാനം ഇല്ലെന്നും വലിയ മഴ പെയ്താൽ ദർശനം ബുദ്ധിമുട്ട് ആകും എന്നും സത്യേന്ദ്ര ദാസ് അഭിപ്രായപ്പെട്ടു.

ഇതിന് പിന്നാലെ അയോധ്യ ക്ഷേത്ര നിർമ്മാണ കമ്മറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പ്രതികരണവുമായി രംഗത്തെത്തെത്തി. ചോർച്ച പ്രതീക്ഷിച്ചതാണെന്നും ഗുരു മണ്ഡപം തുറസ്സായ സ്ഥലത്താണ് എന്നതാണ് കാരണമെന്നും നൃപേന്ദ്ര മിശ്ര പറഞ്ഞു.

നിർമ്മാണം പൂർത്തിയാകുമ്പോൾ പ്രശ്നം പരിഹരിക്കുമെന്നും മിശ്ര വ്യക്തമാക്കി. അയോധ്യയിൽ എത്തിയ ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. ഒന്നാം നിലയിലാണ് ചോർച്ച കണ്ടതെന്നും ഒന്നാം നിലയുടെ നിർമ്മാണം പുരോഗമിക്കുകയാണ് എന്നും മിശ്ര വിശദീകരിച്ചു. നിർമ്മണത്തിലോ ഡിസൈനിലോ ഒരു പ്രശ്നവും ഇല്ലെന്നും നൃപേന്ദ്ര മിശ്ര വിവരിച്ചു.

അതേസമയം അയോധ്യ രാമക്ഷേത്രത്തിലെ ചോർച്ചയിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ബി ജെ പി അയോധ്യയെ അഴിമതിയുടെ ഹബ് ആക്കി മാറ്റിയെന്നാണ് യു പി പി സി സി അധ്യക്ഷൻ അജയ് റായ് പറഞ്ഞത്. മുഖ്യ പൂജാരിയുടെ വെളിപ്പെടുത്തൽ എല്ലാം വ്യക്തമാക്കുന്നു എന്നും അജയ് റായ് പറഞ്ഞു.

വികസനപ്രവർത്തനങ്ങൾ നടപ്പാക്കി എന്ന്  കൊട്ടിഘോഷിച്ച് ബി ജെ പി നടക്കുകയാണെന്നും യഥാർത്ഥത്തിൽ അയോധ്യയിൽ റോഡുകൾ ദിവസവും പൊളിയുകയാണെന്നും അജയ് റായ് കുറ്റപ്പെടുത്തി. നേരത്തെ അയോധ്യ റെയിൽവേ സ്റ്റേഷന്‍റെ ചുറ്റു മതിൽ മഴയിൽ തകർന്നിരുന്നുവെന്നും പി സി സി അധ്യക്ഷൻ ചൂണ്ടികാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button