KeralaNews

സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമാകുമെന്ന് പ്രതിപക്ഷം,ജനം സര്‍ക്കാരിനൊപ്പമെന്ന് എല്‍.ഡി.എഫ്,ട്വന്റി 20 ആപ്പ് സഖ്യവോട്ടുകളില്‍ കണ്ണുംനട്ട് മുന്നണികള്‍

കൊച്ചി:തൃക്കാക്കരയില്‍ മുന്നണികളെ പിന്തുണക്കേണ്ടെന്ന ട്വന്റി – ട്വന്റി, ആം ആദ്മി പാര്‍ട്ടികളുടെ തീരുമാനത്തില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇരു പാര്‍ട്ടികളും ചേര്‍ന്ന ജനക്ഷേമ മുന്നണിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. തൃക്കാക്കരയില്‍ മത്സരിക്കാതിരുന്ന അവരുടെ തീരുമാനത്തെ മാത്രമാണ് താന്‍ നേരത്തെ സ്വാഗതം ചെയ്തത്. ഈ പാര്‍ട്ടികളുടെ പിന്തുണക്ക് വേണ്ടി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ട്വന്റി ട്വന്റിക്കും ആം ആദ്മി പാര്‍ട്ടിക്കും കഴിഞ്ഞ തവണ കിട്ടിയ വോട്ട് യുഡിഎഫിന് അനുകൂലമാകും. സര്‍ക്കാര്‍ വിരുദ്ധ വോട്ട് യു ഡി എഫിലേക് വരുമെന്നും വിഡി സതീശന്‍ പ്രതീക്ഷ പങ്കുവെച്ചു.

തൃക്കാക്കരയില്‍ ആര്‍ക്കും പരസ്യ പിന്തുണയില്ലെന്ന ജനക്ഷേമ മുന്നണി തീരുമാനം സ്വാഗതം ചെയ്ത് എന്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. രാഷ്ട്രീയ ബോധം വച്ച് വോട്ട് ചെയ്യണം എന്ന നിലപാട് സ്വാഗതം ചെയ്യുന്നു. തൃക്കാക്കരയില്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഇല്ല. ജനം ഇടതുമുന്നണിക്ക് ഒപ്പം നില്‍ക്കുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ ട്വന്റി 20 ആം ആദ്മി പാര്‍ട്ടി സഖ്യം. വിവേകപൂര്‍വം വോട്ടവകാശം വിനിയോഗിക്കാന്‍ ജനക്ഷേമ മുന്നണി പ്രവര്‍ത്തകരോട് സാബു എം.ജേക്കബ് ആഹ്വാനം ചെയ്തു.

തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ തന്നെ ജയിച്ച അവസ്ഥയിലാണ് ജനക്ഷേമ മുന്നണി. മണ്ഡലത്തിലെ ജയവും പരാജയവും തീരുമാനിക്കുന്നത് ജനക്ഷേമ മുന്നണിയായിരിക്കുമെന്ന് സാബു ജേക്കബും പി.സി.സിറിയക്കും വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണം. നേതാക്കള്‍ പറയുന്നത് അതേപടി വിശ്വസിച്ച് വോട്ട് ചെയ്യുന്ന രീതി മാറണമെന്നും സാബു ജേക്കബ് നിര്‍ദേശിച്ചു.

സഖ്യത്തിന്റെ രാഷ്രീയ നിലപാട് നേരത്തെ പ്രഖ്യാപിച്ചതാണെന്ന് സാബു എം.ജേക്കബ് പറഞ്ഞു. ഇനി അത്തരം വിഷയങ്ങള്‍ പറഞ്ഞ് ആശയ കുഴപ്പം ഉണ്ടാക്കുന്നില്ല. തൃക്കാക്കരയില്‍ എല്ലാ മുന്നണികളും വോട്ട് ആഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആരോടും പ്രത്യേകം എതിര്‍പ്പോ അടുപ്പമോ ഇല്ലെന്നും സാബു വ്യക്തമാക്കി. എല്‍ഡിഎഫിനോടുള്ള നിലപാട് മയപ്പെടുത്തിയോ എന്ന ചോദ്യത്തിന് നേരത്തെ എടുത്ത നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കും എതിരെ മത്സരിച്ച ട്വന്റി 20 പതിമൂവായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. ഇക്കുറി ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് ജനക്ഷേമ മുന്നണി രൂപീകരിച്ചിട്ടുള്ള ട്വന്റി 20 മണ്ഡലത്തിലെ 10 ശതമാനം വോട്ടാണ് അവകാശപ്പെടുന്നത്. മണ്ഡലത്തില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായേക്കാവുന്ന ഈ വോട്ട് വിഹിതം മൂന്ന് മുന്നണികളും മനക്കണ്ണില്‍ കാണുന്നുണ്ടായിരുന്നു. സ്വാഭാവികമായും ആര്‍ക്കും പരസ്യ പിന്തുണ ഇല്ല എന്ന പ്രഖ്യാപനം വരുമ്പോള്‍ അത് മുന്നണികള്‍ക്കും ആശ്വാസമാണ്.

അതേസമയം തൃക്കാക്കരയില്‍ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മൂന്ന് മുന്നണികളും. മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തൃക്കാക്കരയിലേക്ക് പ്രചാരണത്തിനായി എത്തും. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും നേതൃത്വത്തില്‍ വോട്ടുറപ്പിക്കുകയാണ് യുഡിഎഫ്. മഹാസമ്പര്‍ക്കം സംഘടിപ്പിച്ച് വീട് കയറിയിറങ്ങുകയാണ് എന്‍ഡിഎ സഖ്യം .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button