BusinessKeralaNews

ആർക്കുമെതിർപ്പില്ല,ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകുന്ന’ ഭൂമി യെടുപ്പും കേരളത്തിൽ നടക്കുന്നു

കൊച്ചി:സിൽവർലൈൻ പദ്ധതിക്കായുള്ള ഭുമിയെടുപ്പ് ‘സർക്കാരിന് പണിയാകുമ്പോൾ’ ഒരു ലക്ഷത്തോളം പേർക്ക് 5 വർഷം കൊണ്ട് പണി നൽകാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഭൂമിയെടുപ്പും കേരളത്തിൽ പുരോഗമിക്കുകയാണ്. കേന്ദ്ര–സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭൂമിയെടുപ്പാണിത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ 22,000 പേർക്ക് നേരിട്ടും 80,000 പേർക്ക് പരോക്ഷമായും ജോലി ലഭിക്കുമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ കുറിച്ചത്.

പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര വില്ലേജിൽ 298 ഏക്കറും പുതുശ്ശേരി സെൻട്രൽ വില്ലേജിൽ 653 ഏക്കറും ഇതേ വില്ലേജിൽ ഘട്ടം രണ്ടായി 558 ഏക്കറും പുതുശ്ശേരി വെസ്റ്റ് വില്ലേജിൽ 375 ഏക്കറും എറണാകുളം അയ്യമ്പുഴയിൽ ഗിഫ്റ്റ് സിറ്റി സ്ഥാപിക്കുന്നതിനായി 358 ഏക്കറും ഉൾപ്പെടെ മൊത്തം 2242 ഏക്കർ ഭൂമിയാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ നാനൂറോളം ഏക്കർ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. 87 ശതമാനം ഭൂമിയുടേയും ഏറ്റെടുക്കൽ 2022 മേയ് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

നിലവിൽ വിഭാവനം ചെയ്യുന്ന രീതിയിൽ നടപ്പായാൽ കേരളത്തിന്റെ വികസനത്തിനു വൻ കുതിപ്പു നൽകുമെന്നു പ്രതീക്ഷിക്കുന്നതാണ് കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി. സംസ്ഥാന സർക്കാരും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (നിക്ഡിറ്റ്) ആണ് വ്യവസായ ഇടനാഴി രൂപീകരണത്തിനു നേതൃത്വം നൽകുന്നത്. ബെംഗളൂർ വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും കൊച്ചിയിലേക്കും ദീർഘിപ്പിക്കുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രാലയം അംഗീകാരം നൽകുകയും തുടർന്ന് പ്രത്യേക കമ്പനി രൂപീകരിക്കുകയും ചെയ്യുകയായിരുന്നു.

കിഫ്ബി വഴിയാണ് പദ്ധതിയുടെ ധനസമാഹരണം നടത്തുന്നത്. വ്യവസായ വകുപ്പിനു കീഴിലെ കിൻഫ്രയാണ് ഇടനാഴി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസി. പദ്ധതി നടപ്പിലാക്കുന്നതിന് പ്രത്യേക ബാധ്യതകളില്ലാതെയാണ് ഭൂമി കമ്പനിക്ക് കൈമാറുന്നത്. ഭൂമിയുടെ വിലയ്ക്ക് തുല്യമായ ധനസഹായം കേന്ദ്ര സർക്കാർ നൽകും. വ്യവസായ ഇടനാഴി പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും പുരോഗതി അവലോകനം നടത്തുന്നുണ്ട്. വ്യവസായ ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കലും തുടർ പ്രവർത്തനങ്ങളും സസൂക്ഷ്മം വിലയിരുത്തുന്നതിനായി പോർട്ടൽ വഴി മോണിറ്ററിങ് സംവിധാനവും ഏർപ്പെടുത്തി.

ഇടനാഴിയുടെ ഭാഗമായി 5–6 വർഷത്തിനകം വമ്പൻ വ്യവസായ ടൗൺഷിപ്പുകൾ സ്ഥാപിക്കാനാണു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ലക്ഷ്യം. പാലക്കാട് ജില്ലയിൽ വൻകിട മാനുഫാക്ചറിങ് ടൗൺഷിപ് സ്ഥാപിക്കും. നിർമാണ വ്യവസായ യൂണിറ്റുകളും സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി സ്കൂളുകളും ആശുപത്രികളും ഷോപ്പിങ് കോംപ്ലക്സുകളും വിനോദ കേന്ദ്രങ്ങളുമെല്ലാം ഉൾപ്പെടുന്ന വൻകിട ടൗൺഷിപ്പാണു വിഭാവനം ചെയ്യുന്നത്.

എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ ആഗോള നിലവാരത്തിലുള്ള ഗിഫ്റ്റ് സിറ്റിയാണു (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി) സ്ഥാപിക്കുക. ഇവിടെ, നിർമാണ–വ്യവസായ യൂണിറ്റുകളുണ്ടാകില്ല. കോറിഡോർ ടൗൺഷിപ്പുകളിൽ സമ്പൂർണ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.

വ്യവസായ ഇടനാഴിയിൽ ആരംഭിക്കാനുദ്ദേശിക്കുന്ന വ്യവസായ മേഖലകളും സാധ്യതകളും

ഭക്ഷ്യവ്യവസായം : കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയ്ക്കു വഴിതുറക്കുന്നത് നെല്ലിനും പച്ചക്കറിക്കും പഴങ്ങൾക്കും വലിയ പ്രതീക്ഷ നൽകുന്നു. കിൻഫ്രയുടെ മെഗാഫുഡ് പാർക്കിന്റെ സാന്നിധ്യം അധിക നേട്ടമാകും.

ലഘു എൻജിനീയറിങ് : പ്രതിസന്ധി നേരിടുന്ന ലെയ്ത്ത്, ഫാബ്രിക്കേഷൻ പ്രവൃത്തികൾ നടത്തുന്ന ലഘു എൻജിനീയറിങ് മേഖലയിൽ വൻകിട പദ്ധതികൾ വരും

രത്ന- ആഭരണ വ്യവസായം : സ്വർണത്തോടു താൽപര്യമുള്ള കേരളത്തിൽ വലിയ സാധ്യതയുള്ള മേഖലയാണിത്. സ്വർണ വ്യവസായത്തിന്റെ ആസ്ഥാനമായ തൃശൂരിൽ നേരത്തെ ജെം ആൻഡ് ജ്വല്ലറി പാർക്ക് വിഭാവനം ചെയ്തെങ്കിലും നടന്നില്ല.

ഇ-വേസ്റ്റ്, ഖരമാലിന്യ സംസ്കരണം : ഇനിയും കൃത്യമായ പരിഹാരമാർഗം കാണാത്ത മേഖലയാണ് ഇ–വേസ്റ്റ് മാനേജ്മെന്റ്. ഇ–വേസ്റ്റിൽനിന്നു മൂല്യമേറിയ ലോഹങ്ങൾ വേർതിരിക്കുന്നത് ഉൾപ്പെടെ വരുമാനസാധ്യതയുള്ള വ്യവസായമാക്കി ഇതിനെ മാറ്റാം.

പ്ലാസ്റ്റിക് : ചെറുകിട– വൻകിട പ്ലാസ്റ്റിക് വ്യവസായങ്ങൾ ഏറെപ്പേർക്കു തൊഴിൽ നൽകുന്നതാണ്.

എണ്ണ- പ്രകൃതിവാതക വ്യവസായം : പെട്രോളിയം മേഖലയിലെ വ്യവസായങ്ങൾക്കു തുടക്കമിടുന്നതോടെ ഗൾഫ് മേഖലയിൽനിന്ന് വലിയ നിക്ഷേപങ്ങൾക്കു സാധ്യത തുറക്കും

ഇലക്ട്രോണിക്‌സ്, ഐടി : ഐടി മേഖലയിൽ പാലക്കാട് വലിയ ഹബ് ആയി മാറാൻ വഴിയൊരുങ്ങും. കൊച്ചി, ബെംഗളൂരൂ, കോയമ്പത്തൂർ എന്നീ നഗരങ്ങളുടെ സാന്നിധ്യം ഐടി മേഖലയിലെ കുതിപ്പിനു കാരണമാകും.

ലോജിസ്റ്റിക്‌സ് : കേരളത്തിലേക്കുള്ള ചരക്കുകളിൽ 70 ശതമാനവും കടന്നുപോകുന്നത് വാളയാർ വഴിയാണ്. റെയിൽ, ദേശീയപാത എന്നിവയുടെ സാമീപ്യം കഞ്ചിക്കോടിനെ ലോജിസ്റ്റിക് വ്യവസായങ്ങൾക്കു സാധ്യതയുള്ള മേഖലയാക്കുന്നു. വല്ലാർപാടം ടെർമിനലിന്റെയും പ്രൗഢിയേറും

ഓട്ടമോട്ടീവ് : രാജ്യത്തെ പ്രമുഖ വാഹനനിർമാണ കമ്പനികൾ പദ്ധതിപ്രദേശത്തേക്കു വരും. മതിയായ ഭൂമി ലഭ്യമാകുമെന്നതാണു പദ്ധതി പ്രദേശത്തിന്റെ നേട്ടം. സ്പെയർപാർട്സ് ഉൽപന്നനിർമാണ സംരംഭങ്ങളും തുടങ്ങാം.

പാലക്കാട് ജില്ലയിൽ പുതുശ്ശേരിയിലാണ് പദ്ധതിക്കായി ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കുന്നത്. നേരത്തെ ചിറ്റൂർ താലൂക്കിലെ ഒഴലപ്പതിയിൽ പദ്ധതിക്കുള്ള ഭൂമിയെടുപ്പ് പരിഗണിച്ചിരുന്നെങ്കിലും പ്രാദേശികമായ എതിർപ്പിനെത്തുടർന്ന് ഭൂമിയെടുപ്പ് പുതുശ്ശേരി മേഖലയിൽ മാത്രം ഒതുക്കി. വ്യവസായ വികസനത്തിനായി പലപ്പോഴായി ഭൂമി വിട്ടു നൽകിയവരാണു പ്രദേശവാസികൾ. അതേസമയം, ഭൂമിയെടുപ്പുമായി ബന്ധപ്പെട്ട് പലയിടത്തും പരാതികൾ ഉയരുന്നുണ്ട്. തങ്ങളുടെ അഭിപ്രായം സ്വീകരിക്കാതെയാണ് വില നിർണയിച്ചതെന്നു തുടങ്ങി ജനങ്ങൾക്ക് ഒട്ടേറെ ആക്ഷേപമുണ്ട്. എത്രയും വേഗം ഭൂമിയെടുപ്പു നടപടികൾ പൂർത്തീകരിച്ച് വികസനം അതിവേഗത്തിൽ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്.

അതേസമയം, വ്യവസായ ഇടനാഴിയുടെ സ്ഥലമെടുപ്പിനു ഭൂരേഖകൾ ലഭ്യമല്ലാത്തതു തടസ്സമാകുകയാണ്. ഏറ്റെടുക്കുന്ന ഭൂമിക്കു നഷ്ടപരിഹാരം കൈമാറുന്നതിന് ഉടമകൾ ഹാജരാക്കേണ്ട ഭൂരേഖകൾ പലതും റവന്യു വകുപ്പിൽനിന്നു ലഭ്യമാകുന്നില്ലെന്നതാണു പ്രശ്നം പുതുശ്ശേരി സെൻട്രൽ, പുതുശ്ശേരി ഈസ്റ്റ് വില്ലേജുകളിലാണു പ്രശ്നം നേരിടുന്നത്. കൈവശക്കാരോടു 30 ദിവസത്തിനകം രേഖകൾ ഹാജരാക്കാൻ ഒക്ടോബറിൽ കിൻഫ്ര ആവശ്യപ്പെട്ടിരുന്നു.

ആധാരം, അടിയാധാരങ്ങൾ, പട്ടയം, കുടിക്കട സർട്ടിഫിക്കറ്റ്, കൈവശ‌രേഖ, നികുതി രസീത്, തണ്ടപ്പേര് അക്കൗണ്ട് തുടങ്ങി ഒട്ടേറെ രേഖകൾ ഹാജരാക്കാനുണ്ട്. എന്നാൽ പല ഭൂമികളുടെയും ഉടമസ്ഥാവകാശം തെളിയിക്കാൻ പതിറ്റാണ്ടുകൾ പഴക്കമുള്ള രേഖകൾ വേണം. സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലത്തെ രേഖകൾ പോലും ആവശ്യമുള്ള സ്ഥലങ്ങളുണ്ട്. വില്ലേജ് ഓഫിസുകളിലെ രേഖകൾ പലതും കാലപ്പഴക്കത്താൽ നശിച്ചുപോയി. ഇവ പരിശോധിക്കാതെ പുതിയ രേഖകൾ നൽകാനാവില്ല. പുതുശ്ശേരി സെൻട്രൽ വില്ലേജിൽ 457 കൈവശക്കാരിൽ നിന്ന് 1200 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. ഇതിൽ 250 പേർ മാത്രമാണു രേഖകൾ ഹാജരാക്കിയത്. പലരും ഭാഗികമായി മാത്രമാണു രേഖകൾ കൈമാറിയിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker