
പാലക്കാട്: വണ്ടിത്താവളം പട്ടഞ്ചേരി വടതോട് പ്രദേശത്ത് കുളത്തില്‍ വീണ ചെറുമകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തശ്ശിക്ക് ദാരുണാന്ത്യം. പട്ടഞ്ചേരി വടതോട് സ്വദേശി ദാവൂദിന്റെ ഭാര്യ നബീസ (55) ആണ് മുങ്ങി മരിച്ചത്.
നബീസയുടെ മകള്‍ ഷംനയുടെ പത്തു വയസ്സുകാരിയായ മകള്‍ ഷിഫാന ആണ് അപകടത്തില്‍പ്പെട്ടത്. ആട് മേയ്ക്കുന്നതിനിടയില്‍ നായയെ ഭയന്ന് ഓടിയ കുട്ടി, കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ആടിനെ മേയ്ക്കാന്‍ വണ്ടിത്താവളം വടതോട് കുളത്തിനടുത്തെത്തിയതായിരുന്നു നബീസ. അപ്പോള്‍ പേരക്കുട്ടി ഷിഫാനയുടെ നേര്‍ക്ക് ഒരു നായ ഓടിയെത്തുകയായിരുന്നു. നായയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു.
കുട്ടിയെ രക്ഷപ്പെടുത്താന്‍ തിടുക്കപ്പെട്ടിറങ്ങിയ നബീസ കുളത്തില്‍ അകപ്പെടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. നബീസയെ കുളത്തില്‍ നിന്നും പുറത്തെടുത്ത് ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊച്ചുമകള്‍ ഷിഫാന ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.