
കുട്ടനാട്: മാമ്പുഴക്കരിയില്‍ അറുപത്തിരണ്ടുകാരി കൃഷ്ണമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ കോടതി നിര്‍ദേശപ്രകാരം കീഴടങ്ങിയ പ്രതിയുമായി പോലീസ് തെളിവെടുപ്പു നടത്തി. കൃഷ്ണമ്മയുടെ സഹായിയായി നിന്ന നെയ്യാറ്റിന്‍കര ആറാലുമ്മൂട് തുടിക്കോട്ടുകോണം വീട്ടില്‍ ദീപയുമായി (41) ട്ടാണ് തെളിവെടുപ്പു നടത്തിയത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദീപയും മകള്‍ അഖിലയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ ഇരുവരോടും നിര്‍ദേശിച്ചു. ഇതനുസരിച്ച് 21-ന് ദീപ രാമങ്കരി സിഐക്കു മുന്നില്‍ ഹാജരായി. രാമങ്കരി കോടതിയില്‍ റിമാന്‍ഡു ചെയ്ത ദീപയെ അഞ്ചു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത മോഷണമാണ് നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
കുറച്ചുനാളത്തെ പരിചയത്തെത്തുടര്‍ന്ന് കൃഷ്ണമ്മയുടെ വിശ്വാസമാര്‍ജിച്ച ദീപ കവര്‍ച്ചയ്ക്ക് ഒരാഴ്ച മുന്‍പ് ദീപയുടെ വീട്ടില്‍ സഹായിയായി നില്‍ക്കുകയായിരുന്നു. കവര്‍ച്ചയ്ക്കുശേഷം ഇവരെ കാണാതായതോടെ തന്നെ ദീപ പോലീസ് റഡാറില്‍ ഉണ്ടായിരുന്നു.
കവര്‍ച്ചയില്‍ പങ്കാളിയായ രാജേഷിനെ സംഭവം നടന്ന ഫെബ്രുവരി 19-നു പകല്‍ തന്നെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വന്നു. ദീപയെക്കൂടാതെ മക്കളായ അഖിലും അഖിലയും കവര്‍ച്ചയില്‍ പങ്കാളികളായി എന്നാണ് പോലീസിന് മനസ്സിലായ കാര്യം. ഇതോടെ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.
ദീപ കവര്‍ച്ച ആസൂത്രണം ചെയ്ത് സഹായിയായി രാജേഷിനെ വിളിക്കുകയായിരുന്നു. വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ മകള്‍ അഖിലയെ വിവാഹംകഴിച്ചുനല്‍കാമെന്ന വാഗ്ദാനം നല്‍കി കവര്‍ച്ചയ്ക്കു പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് പ്രതി രാജേഷ് പോലീസിനോടു പറഞ്ഞത്.
രാജേഷിന്റെ മൊഴിപ്രകാരം നടത്തിയ തിരച്ചിലില്‍ അഖില്‍ തിരുവനന്തപുരത്തുനിന്ന് പോലീസിന്റെ പിടിയിലായിരുന്നു. പക്ഷേ നിയമസഹായം ലഭ്യമായെന്ന് ഉറപ്പിക്കുന്ന തരത്തിലാണ് അഖില്‍ പോലീസിനോട് ഇടപെട്ടത്. പരസ്പരവിരുദ്ധമായി പോലീസിനെ കുഴക്കുന്ന തരത്തിലാണ് അഖില്‍ മൊഴി കൊടുത്തത്. അതേസമയം ബിസിനസ് രംഗത്തെ ഉന്നതരായ പലരുടെയും മക്കളെ കേസില്‍ കുടുക്കാന്‍ ഇയാള്‍ ശ്രമിച്ചു.
സത്യമറിയാന്‍ ഇവരില്‍ പലരെയും വിളിച്ചുവരുത്തി പോലീസിന് ചോദ്യം ചെയ്യേണ്ടി വന്നു. അന്വേഷണത്തില്‍ കെട്ടിച്ചമച്ച മൊഴിയാണ് ഇതെന്ന് മനസ്സിലാക്കി പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. തിങ്കളാഴ്ച അഖിലിനെയും രാജേഷിനെയും കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് വീണ്ടും അപേക്ഷ നല്‍കും. ഒരുതവണ ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇനി ദീപയുടെ ഒപ്പമിരുത്തി ശാസ്ത്രീയമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ദീപയെ രാമങ്കരിയില്‍ തെളിവെടുപ്പിനായി പോലീസ് കൊണ്ടുവന്നത്. പോലീസ് ജീപ്പില്‍നിന്നിറങ്ങിയ ദീപ ഒട്ടും പതറാതെ കൃഷ്ണമ്മയുടെ വീട്ടിലേക്കു നടന്നു. നാട്ടുതോടിനു മറുകരയാണ് കൃഷ്ണമ്മയുടെ വീട്. തോടിനു കുറുകേ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ടൊരു ചെറുപാലത്തിലൂടെ കയറിയാണ് വീട്ടിലേക്ക് എത്തുന്നത്.
വീടിന്റെ മുന്‍വശത്തുവന്ന് സംശയത്തോടെ നിന്ന ദീപയോട് വീടിന്റെ പിന്നിലേക്കു പോകാന്‍ പോലീസ് ആവശ്യപ്പെട്ടു. വാതില്‍ എങ്ങനെയാണ് തുറന്നുനല്‍കിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. വീടിന്റെ പിന്‍വാതിലിനുസമീപം വന്ന ദീപ പോലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായി മറുപടി നല്‍കി.
അടുക്കള വാതിലിലൂടെ വീടിനകത്തേക്കു കയറി. കൃഷ്ണമ്മയെ കണ്ടപ്പോള്‍ മുഖം കൊടുക്കാതെ ദീപ തലകുനിച്ചുനിന്നു. എങ്ങനെയാണ് കവര്‍ച്ച നടത്തിയത്?, എവിടെയാണ് കൃഷ്ണമ്മ കിടന്നിരുന്നത്? എന്ന് പോലീസിന്റെ ചോദ്യം. മറുപടിയായി കൃഷ്ണമ്മ കിടന്ന മുറിയിലേക്ക് ദീപ പോലീസിനെ കൊണ്ടുപോയി. കവര്‍ച്ചദിവസം രാത്രി മുറിയിലേക്കു കടന്നുവന്നപ്പോള്‍ കൃഷ്ണമ്മ കട്ടിലില്‍ ഇരിക്കുകയായിരുന്നു എന്ന് ദീപ പറഞ്ഞു. അപ്പോഴേക്കും കൃഷ്ണമ്മ ഇടയില്‍ക്കയറി അതു നിഷേധിച്ചു.
താന്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. മൊബൈല്‍ വെട്ടത്തില്‍ ദീപയും സഹായികളും മുറിയില്‍ കടന്നുവന്നു. കട്ടിലില്‍ കിടന്ന തന്നെ മര്‍ദിച്ചു. കാല്‍മുട്ടുകൊണ്ട് കൈ അമര്‍ത്തിപ്പിടിച്ച് വായില്‍ തുണി തിരുകി കഴുത്തില്‍ ഞെക്കിപ്പിടിച്ചു. പ്രതികള്‍ കൊണ്ടുവന്ന മഞ്ഞ നിറത്തിലുള്ള തുണികൊണ്ട് കൈകാലുകള്‍ ബന്ധിച്ചു.
ബലപ്രയോഗത്തിനിടെ ബോധം നഷ്ടപ്പെട്ടു. കൃഷ്ണമ്മ ഇതു പറയുമ്പോള്‍ ദീപ വിതുമ്പിക്കരയുകയായിരുന്നു. സ്വര്‍ണവും പണവും ഉരുളിയും പുട്ടുകുറ്റിയും അടക്കം കൊണ്ടുപോയി. ‘തലേന്ന് ഒന്നിച്ചിരുന്ന് പുട്ടുണ്ടാക്കി കഴിച്ചതാണ് സാറേ ഞങ്ങള്‍’ എന്ന് കൃഷ്ണമ്മ പറയുമ്പോള്‍ ദീപയുടെ വിതുമ്പല്‍ കൂടുതല്‍ ശക്തിയിലായി. സാധനങ്ങളോ പണമോ സ്വര്‍ണമോ എല്ലാം അവര്‍ എടുത്തോട്ടെ. എന്നെ അടിച്ചു, എന്നെ ആവശയാക്കി അതെനിക്ക് ഒട്ടും സഹിക്കാന്‍ പറ്റില്ല.
എന്നോട് ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. കൃഷ്ണമ്മ പറഞ്ഞപ്പോള്‍ ദീപയുടെ വിതുമ്പല്‍ പൊട്ടിക്കരച്ചിലോളം എത്തി. തെളിവെടുപ്പ് പൂര്‍ത്തിയാക്കി വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോള്‍ പെട്ടെന്നുതന്നെ കരച്ചില്‍ മാറി ദീപയുടെ ചുണ്ടില്‍ ചിരിവിടര്‍ന്നു. പഠിച്ച കള്ളിയുടെ ലക്ഷണമാണ് ഇതെന്നാണ് പോലീസുകാരുടെ നിഗമനം.