FeaturedHome-bannerKeralaNews

കോട്ടയത്തേത് കുറുവസംഘം തന്നെ?അതിരമ്പുഴയില്‍ ജാഗ്രതാനിര്‍ദ്ദേശം

ഏറ്റുമാനൂര്‍: അതിരമ്പുഴ പഞ്ചായത്തിലെ 6 വീടുകളില്‍ മോഷണ ശ്രമം. ആയുധധാരികളായ മൂന്നംഗ സംഘമാണ് ഇതിനു പിന്നിലെന്നു കണ്ടെത്തി. ഇവര്‍ കുറുവ സംഘമാണെന്നു സംശയിക്കുന്നതായും പരിശോധന നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ പറഞ്ഞു.അഞ്ചാം വാര്‍ഡ് മനയ്ക്കപ്പാടം നീര്‍മലക്കുന്നേല്‍ മുജീബ്, കളപ്പുരത്തട്ടേല്‍ ജോര്‍ജ്, ആറാം വാര്‍ഡ് തൃക്കേല്‍ ക്ഷേത്രത്തിന്റെ സമീപം നലീഫ മന്‍സില്‍ യാസിര്‍, പൈമറ്റത്തില്‍ ഇക്ബാല്‍, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാര്‍, ഏഴാം വാര്‍ഡിലെ യാസ്മിന്‍ എന്നിവരുടെ വീടുകളില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നിനും 3.30നും ഇടയിലാണു മോഷണശ്രമം. യാസിറിന്റെ ഭാര്യയുടെ മെറ്റല്‍ പാദസരം സ്വര്‍ണത്തിന്റേതെന്നു കരുതി അപഹരിച്ചു.

യാസ്മിന്റെ വീടിന്റെ വാതില്‍ മോഷ്ടാക്കള്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. ശബ്ദം വച്ചതോടെ സംഘം കടന്നു. വാര്‍ഡ് അംഗം ബേബിനാസ് അജാസിനെ ഫോണിലൂടെ വിവരമറിയിച്ചു. ഏറ്റുമാനൂര്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.

വടിവാള്‍, കോടാലി ഉള്‍പ്പെടെ മാരകായുധങ്ങളുമായി, അടിവസ്ത്രം മാത്രം ധരിച്ച സംഘത്തെയാണു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. മോഷണ ശ്രമത്തിനു ശേഷം ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കാണ് ഇവര്‍ പോയത്.

മോഷ്ടാക്കളുടെ സാന്നിദ്ധ്യം വീടുകളില്‍ സ്ഥിരീകരിച്ചതോടെ ഏറ്റുമാനൂര്‍ പോലീസും അതിരമ്പുഴ പഞ്ചായത്തും ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി.വര്‍ച്ചക്കാരുടെ സാന്നിദ്ധ്യം സംശയിക്കുന്ന ഇടങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ അനൗണ്‍സ്‌മെന്റ് നടത്തി.

മോഷണശ്രമം ഉണ്ടായാല്‍ എങ്ങിനെ പ്രതികരിയ്ക്കണം എന്ന കാര്യത്തിലടക്കം ജനങ്ങള്‍ക്ക് ബോധവത്കരണവും നടത്തുന്നുണ്ട്.കവര്‍ച്ചക്കാരുടെ സന്നിദ്ധ്യം പ്രകടമായ സാഹചര്യത്തില്‍ ഏറ്റുമാനൂര്‍,അതിരമ്പുഴ,ഗാന്ധിനഗര്‍,മെഡിക്കല്‍ കോളേജ്,മാന്നാനം അടക്കമുള്ള ഇടങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

1.വീടിന് പുറത്തെ ലൈറ്റുകള്‍ തെളിയിക്കുക.

2.അസ്വഭാവികമായ ശബ്ദം കേട്ടാല്‍ നാട്ടുകാരെയോ അയല്‍വാസികളെയോ വിളിച്ചതിനുശേഷം മാത്രമെ വീടിന് പുറത്തിറങ്ങാവൂ.

3.അടിയന്തിര സാഹചര്യമുണ്ടായാല്‍ പോലീസിനെ വിവരമറിയിക്കുക

4.സി.സി.ടി.വി ക്യാമറയുള്ള വീടുകളും സ്ഥാപനങ്ങളും അവ പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

5.ക്യാമറകള്‍ കൃത്യമായി പുറത്തേക്ക് വച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

6. വീടുകളുടെ വാതിലും ജനലും അടച്ചിട്ടിട്ടുണ്ടെന്ന് രാത്രി ഉറപ്പാക്കുക. അടുക്കള ഭാഗത്തെ വാതിലുകൾക്ക് ഉറപ്പുണ്ടെന്നു ഉറപ്പാക്കുക.

7. ആളുകളെ ഈ കാര്യത്തിൽ പാലിക്കേണ്ട മുൻകരുതലുകൾ അറിയിക്കുവാൻ വാർഡുകളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുക.

8. അടഞ്ഞു കിടക്കുന്ന വാതിലിനു പിറകിൽ ആയി ഒന്നിലധികം അലുമിനിയം പാത്രങ്ങൾ അടുക്കി വയ്ക്കുക. വാതിലുകൾ കുത്തി തുറന്നാൽ ഈ പാത്രം മറിഞ്ഞു വീണു ഉണ്ടാകുന്ന ശബ്ദം കേട്ടു ഉണരാൻ സാധിക്കും

9. വാർഡുകളിൽ ചെറുപ്പകാരുടെ നേതൃത്വത്തിൽ ചെറിയ സംഘങ്ങൾ ആയി തിരിഞ്ഞു സ്ക്വാഡ് പ്രവർത്തനം നടത്തുക.

10. അനാവശ്യമായി വീടുകളിൽ എത്തിചേരുന്ന ഭിഷകാർ, ചൂല് വില്പനകാർ, കത്തി കാച്ചികൊടുക്കുന്നവർ, തുടങ്ങിയ വിവിധ രൂപത്തിൽ വരുന്ന ആളുകളെ കർശനമായി അകറ്റി നിർത്തുക.

11. അസമയത് എന്തെങ്കിലും സ്വരം കേട്ടാൽ ഉടൻ ലൈറ്റ് ഇടുക. തിടുക്കത്തിൽ വാതിൽ തുറന്നു വെളിയിൽ ഇറങ്ങാതിരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button