KeralaNews

100 രൂപയ്ക്ക് ഒരു രാത്രി താമസം; യാത്രയ്‌ക്കൊപ്പം തങ്ങാനും കെ.എസ്.ആര്‍.ടി.സി. ബസുകള്‍

കൊച്ചി:കെ.എസ്.ആർ.ടി.സി. സർവീസ് കൂടുതൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കു താമസസൗകര്യം നൽകുന്നതു പരിഗണനയിൽ. നിലവിൽ മൂന്നാറിൽമാത്രമാണ് കെ.എസ്.ആർ.ടി.സി.യുെട ബസിൽ യാത്രക്കാർക്ക് അന്തിയുറക്കത്തിനു സൗകര്യമുള്ളത്. ഇതു മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണു തീരുമാനം.

ഇതിനായി പഴക്കംചെന്ന ബസുകൾ നവീകരിച്ച് ഉപയോഗിക്കും. ഇവയിൽ ആയിരത്തിലധികം കിടക്കകൾ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലായി ഒരുക്കും. 100 രൂപയ്ക്ക് ഒരുരാത്രി താമസമാണു ലക്ഷ്യമിടുന്നത്. അടുത്തഘട്ടത്തിൽ ഭക്ഷണം നൽകുന്നതും പരിഗണനയിലാണ്.

ഏകദിന ഉല്ലാസയാത്രകളാണ് കെ.എസ്.ആർ.ടി.സി. നടത്തുന്നത്. മൂന്നാറും മലക്കപ്പാറയും കേന്ദ്രീകരിച്ചാണ് ഈ യാത്രകൾ. മറ്റുകേന്ദ്രങ്ങളിൽ ഉറങ്ങാനുള്ള സൗകര്യംകൂടി നൽകി ഇതു വിപുലമാക്കാനാണു ശ്രമം. കെ.എസ്.ആർ.ടി.സി.യിൽ രൂപവത്കരിച്ച ബജറ്റ് ടൂറിസം സെല്ലാണു പദ്ധതി നടപ്പാക്കുന്നത്. ബസിൽ സഞ്ചരിച്ചു കായലും കടലും കാണാനുള്ള ട്രിപ്പുകളും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും അഭിപ്രായം തേടുകയാണ് ടൂറിസം സെൽ. അതിനുശേഷം പാക്കേജും സ്ഥലങ്ങളും പ്രഖ്യാപിക്കും.

പുരവഞ്ചിയും തീവണ്ടിയും വിമാനത്താവളങ്ങളും കോർത്തിണക്കിയുള്ള ടൂർ പാക്കേജും ആലോചനയിലാണ്. ഗവി, വാഗമൺ, തേക്കടി എന്നിവയെ ബന്ധിപ്പിച്ചുള്ള യാത്രയായിരിക്കും ഇതിൽ പ്രധാനം. പെൻമുടിയും വയനാടും കേന്ദ്രീകരിച്ചും പ്രത്യേക പാക്കേജ് തയ്യാറാക്കും. ആലപ്പുഴയിൽ കുട്ടനാട് കേന്ദ്രീകരിച്ചായിരിക്കും വിനോദസഞ്ചാരയാത്രയൊരുക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker