തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന് 131 സൂപ്പർഫാസ്റ്റുകളും 25 ആഡംബര ബസുകളും വാങ്ങുന്നു. സർക്കാർ 75 കോടിരൂപ അനുവദിച്ചു. കൂടുതൽ രാത്രി സർവീസുകൾ നടത്താനാണ് ആഡംബര ബസുകൾ ഉപയോഗിക്കുക.
സംസ്ഥാനത്തിനുള്ളിൽ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുമാത്രമായി 500-ഓളം അനധികൃത സ്വകാര്യ ബസുകൾ ഓടുന്നുണ്ട്. ആധുനിക സൗകര്യങ്ങളാണ് യാത്രക്കാരെ ഇവയിലേക്ക് ആകർഷിപ്പിക്കുന്നത്. അതേ സൗകര്യങ്ങളുള്ള ബസുകളിറക്കി സ്വിഫ്റ്റിലൂടെ യാത്രക്കാരെ ആകർഷിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആർ.ടി.സി.
എ.സി., സ്ലീപ്പർ, മൾട്ടി ആക്സിൽ ബസുകൾ വാങ്ങുന്നതിന് ഉന്നതതല സമിതിയുണ്ടാക്കി. ടെൻഡർ നടപടികൾ ഉടൻ തുടങ്ങും. 131 ഡീസൽ ബസുകൾ വാങ്ങുന്നതിന് നേരത്തേ നൽകിയിട്ടുള്ള കരാറിന്റെ തുടർച്ചയാണിത്.
തലസ്ഥാനത്ത് 50 ഇ-ബസുകൾകൂടി ഓണത്തിന് നിരത്തിലിറങ്ങും. 41 ബസുകൾ എത്തിയിട്ടുണ്ട്. ചിങ്ങം ഒന്നിന് ഇവ ഓടിത്തുടങ്ങും. തലസ്ഥാന നഗരം ഹരിത ബസുകളിലേക്ക് മാറ്റുന്നതിന്റെ ഭാഗമാണിത്.