KeralaNews

പൊതുമേഖലാ വിജയഗാഥ!കെ.എസ്.ഡി.പി. യുടെ മരുന്നുകൾ അടുത്തവർഷം മുതൽ മെഡിക്കൽ ഷോപ്പുകളിലേക്ക്

ആലപ്പുഴ: സ്വന്തം ബ്രാൻഡിൽ മെഡിക്കൽ ഷോപ്പുകളിലേക്കു നേരിട്ടു മരുന്നെത്തിക്കാനൊരുങ്ങി കേരള സ്റ്റേറ്റ് ‍ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്(കെ.എസ്.ഡി.പി.). അടുത്തവർഷത്തോടെ ഇതു നടപ്പാകും. നിലവിൽ വിപണിവിലയെക്കാൾ 50 ശതമാനം കുറച്ചാണു കെ.എസ്.ഡി.പി. മരുന്നുകൾ സർക്കാർ സ്ഥാപനങ്ങൾക്കും മറ്റുസംസ്ഥാനങ്ങൾക്കും നൽകുന്നത്. ഇതേവിലക്കുറവിൽ നേരിട്ടുവിതരണം തുടങ്ങുന്നതോടെ വിപണിയിൽ മികച്ചനേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണു കെ.എസ്.ഡി.പി.

അമോക്സിലിൻ, ആംപിസിലിൻ, ഡോക്സിസൈക്ളിൻ, പാരാസെറ്റമോൾ തുടങ്ങിയ മരുന്നുകളാണു കെ.എസ്.ഡി.പി.യിൽ കൂടുതൽ ഉത്പാദിപ്പിക്കുന്നത്. 15,000 കോടി രൂപയുടെ മരുന്നാണു കേരളം പ്രതിവർഷം ഉപയോഗിക്കുന്നത്. ഇതിൽ 220 കോടിയുടെ മരുന്നു മാത്രമാണു കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്.

ഈ സാമ്പത്തികവർഷം 100 കോടി രൂപയിൽ കൂടുതൽ വിലവരുന്ന മരുന്നുകൾ കെ.എസ്.ഡി.പി.യിൽ ഉത്പാദിപ്പിച്ചിരുന്നു. ഇതിൽ 60 ശതമാനവും സർക്കാർ ആശുപത്രികളിലാണു വിതരണം ചെയ്തത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്കും കെ.എസ്.ഡി.പി. മരുന്നു വിതരണം ചെയ്യുന്നുണ്ട്.

കേരളത്തിൽ മെഡിക്കൽ സർവീസസ് കോ‌ർപ്പറേഷൻ മുഖേനയാണു സർക്കാർ ആശുപത്രികളിൽ മരുന്നു വിതരണം ചെയ്തിരുന്നത്. തദ്ദേശസ്ഥാപനങ്ങൾക്കു കെ.എസ്.ഡി.പി.യിൽനിന്നു നേരിട്ടു മരുന്നുവാങ്ങി ആശുപത്രികൾക്കു വിതരണം ചെയ്യാൻ ഈയിടെ സർക്കാർ അനുമതി നൽകിയിരുന്നു.

അവശ്യമരുന്നുകളുൾപ്പെടെ 92 മരുന്നുകൾ നേരിട്ട് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ, കമ്യൂണിറ്റി ഹെൽത്ത് സെന്റർ, സഹകരണസ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ ആദ്യഘട്ടമായി എറണാകുളം കേന്ദ്രീകരിച്ച് മരുന്നുകളുടെ സംഭരണത്തിനായി മിസ് പരിമാൾ അസോസിയേറ്റുമായി ചേർന്ന് സി ആൻ‍ഡ് എഫ് ഏജൻസി ആരംഭിച്ചു. തുടക്കത്തിൽ ഇതിലൂടെ പ്രതിമാസം ഒരുകോടി രൂപയുടെ മരുന്നു വിതരണമാണു കമ്പനി ലക്ഷ്യമിടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button