FeaturedKeralaNews

കെ.പി.എ.സി ലളിത അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന നടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്.

നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി 500 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമി മുന്‍ അധ്യക്ഷയായിരുന്നു. അന്തരിച്ച സംവിധായകന്‍ ഭരതനായിരുന്നു ഭര്‍ത്താവ്. നടന്‍ സിദ്ധാര്‍ത്ഥ് അടക്കം രണ്ട് മക്കള്‍ ആണുള്ളത്.

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാവ് – കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായര്‍, മാതാവ് – ഭാര്‍ഗവി അമ്മ. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.

ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെപിഎസി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളില്‍ അഭിനയിക്കുകയുണ്ടായി.

1978ലാണ് അവര്‍ ചലച്ചിത്ര സംവിധായകന്‍ ഭരതനെ വിവാഹം ചെയ്തത്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. ഈയടുത്ത് വരെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. കുറച്ചു കാലം മുന്‍പ് കെപിഎസി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അവരുടെ ചികിത്സാ ചെലവുകളൊക്കെ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button