FeaturedKeralaNews

കെ.പി അനില്‍ കുമാര്‍ സി.പി.എമ്മില്‍; ചുവന്ന ഷാള്‍ അണിയിച്ച് എ.കെ.ജി സെന്ററില്‍ സ്വീകരണം, അര്‍ഹമായ പരിഗണന കിട്ടുമെന്ന് കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച കെ.പി അനില്‍കുമാര്‍ സിപിഎമ്മില്‍. എകെജി സെന്ററില്‍ എത്തിയ അനില്‍കുമാറിനെ പാര്‍ട്ടി പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സിപിഎമ്മിനകത്ത് എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന കിട്ടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പുതിയ നേതൃത്വം സ്ഥാനമേറ്റെടുത്തപ്പോള്‍ പറഞ്ഞത് കോണ്‍ഗ്രസില്‍ നിന്ന് ഒരാളും വിട്ടുപോകില്ലെന്നാണ്. എന്നാല്‍ അതിന് ശേഷം കോണ്‍ഗ്രസിനകത്ത് ഉരുള്‍പ്പൊട്ടലാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് കെപിസിസിയുടെ സംഘടനാ സെക്രട്ടറി തന്നെ രാജിവച്ചതെന്ന് കോടിയേരി പറഞ്ഞു. ഞങ്ങള്‍ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു. അര്‍ഹമായ പരിഗണന സിപിഎമ്മിനകത്ത് കിട്ടും.

കോണ്‍ഗ്രസില്‍ നടക്കുന്ന നയപരമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് ഇവര്‍ രാജിവച്ചത്. കോണ്‍ഗ്രസിലെ ഏകാധിപത്യപ്രവണത, മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ കഴിയാത്ത സമീപനം, ആര്‍എസ്എസിനോടുള്ള മൃദുമീപനം ഇവയെല്ലാമാണ് അനില്‍കുമാര്‍ ഉന്നയിച്ചത്, സ്വാഭാവികമായും അത് സ്വാഗതാര്‍ഹമായ സമീപനമാണെന്ന് കോടിയേരി പറഞ്ഞു. കുടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വരുംദിവസം സിപിഎമ്മിനകത്ത് എത്തുമോ എന്ന് ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്ന് കോടിയേരി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് സംഘപരിവാറിന്റെ മനസുള്ള സുധാകരനാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇങ്ങനെയുള്ള ഒരാള്‍ പാര്‍ട്ടിതലപ്പത്ത് ഇരിക്കുമ്പോള്‍ എങ്ങനെയാണ് കോണ്‍ഗ്രസിനകത്ത് മതേതരത്വവും ജനാധിപത്യവും ഉണ്ടാവുകയെന്ന് അനില്‍ കുമാര്‍ ചോദിച്ചു.43 വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രാവിലെ എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് കെ സുധാകരനും രാജിക്കത്ത് ഇമെയില്‍ വഴി അയച്ചതായും അനില്‍കുമാര്‍ പറഞ്ഞു.

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്റെ കൈയും പിടിച്ച് കോഴിക്കോട്ടെ കോണ്‍ഗ്രസിന്റെ അവസാന മേയറായ സിജെ റോബിന് വേണ്ടി വോട്ട് പിടിച്ച് തുടങ്ങിയ രാഷ്ട്രീയമാണ് തന്റെതെന്ന് അനില്‍കുമാര്‍ പറഞ്ഞു. കെഎസ് യു, യൂത്ത് കോണ്‍ഗ്രസിലൂടെയാണ് താന്‍ പാര്‍ട്ടിയിലെത്തിയത്. നാല് വര്‍ഷക്കാലം കെഎസ് യുവിന്റെ ജില്ലാ ട്രഷററായും 10 വര്‍ഷം പ്രസിഡന്റായും സേവനം അനുഷ്ടിച്ചു. 2002 മുതല്‍ അഞ്ച് വര്‍ഷക്കാലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഗ്രൂപ്പില്ലാതെ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിനെ നയിക്കാനും കഴിഞ്ഞു.

ഗ്രൂപ്പില്ലാത്തതിനെ തുടര്‍ന്ന് 5 വര്‍ഷക്കാലം തന്നെ പാര്‍ട്ടിയുടെ അയ്ല്‍പ്പക്കത്തേക്ക് പോലും അടുപ്പിച്ചില്ല. രമേശ് ചെന്നിത്തല പ്രസിഡന്റായപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നാല് പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 2021 കൊയിലാണ്ടിയില്‍ താനാണ് സ്ഥാനാര്‍ഥിയാവുകയെന്ന വ്യാപകപ്രചാരണം ഉണ്ടായിരുന്നു. സീറ്റ് നിഷേധിച്ചപ്പോള്‍ പാര്‍ട്ടിക്കെതിരെ താന്‍ എന്തെങ്കിലും പറഞ്ഞോ?. മത്സരിക്കാനാഗ്രഹിച്ച സമയത്ത് സീറ്റ് നിഷേധിച്ചിട്ടും പാര്‍ട്ടിക്കെതിരെ നിന്നിട്ടില്ല. ഇപ്പോള്‍ തികച്ചും ഏകാധിപത്യപരമായ പ്രവണതയാണ് പാര്‍ട്ടിയില്‍ നടക്കുന്നത്.

ഒരു വിശദീകരണവും ചോദിക്കാതെയാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് സസ്പെന്റ് ചെയ്തത്. 29ാം തിയതിയാണ് 28 ാംതീയതി പുറത്താക്കിയെന്ന് പറഞ്ഞ് ഇമെയില്‍ കിട്ടിയത്. ഏഴ് ദിവസത്തിനകം വിശദീകരണം കൊടുക്കണമെന്ന് പറഞ്ഞിട്ട് ആറാം ദിവസം കൊടുത്തു. അതിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് ഒന്നും പറയാന്‍ നേതൃത്വം തയ്യാറായിട്ടില്ല. പുതിയ നേതൃത്വം വന്ന ശേഷം ആളുകളെ നോക്കി നീതിനടപ്പാക്കുന്ന സാഹചര്യത്തിലാണ് താന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത്. ഇതോടെ 43 വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് കെപി അനില്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button