KeralaNews

ചില്ലുതകർത്തു ഡ്രൈവർ, പുറത്തുചാടി മറ്റുള്ളവരും, ബെൽറ്റിട്ടതിനാൽ സുലോചനയ്ക്ക് രക്ഷപ്പെടാനായില്ല; അപകടകാരണം കണ്ടെത്തി പോലീസ്‌

നാദാപുരം: കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപമുണ്ടായ ആംബുലൻസ് ദുരന്തത്തിൽ കൂട്ടുകാരിയുടെ മരണത്തിന്‌ സാക്ഷിയാകേണ്ടിവന്നതിന്റെ ആഘാതത്തിൽനിന്ന് മോചിതയാകാതെ പ്രസീത. എന്താണ് നടന്നതെന്ന് വിവരിക്കാൻപോലുമാകാത്ത നിസ്സഹായാവസ്ഥയിലാണ് അവർ. ദുരന്തത്തിൽ മരിച്ച സുലോചനയ്ക്കൊപ്പം ആശുപത്രിയിലും ആംബുലൻസിലും കൂടെയുണ്ടായിരുന്നത് അയൽവാസിയായ പുതിയാറക്കൽ താഴെക്കുനി പ്രസീതയായിരുന്നു. ആംബുലൻസ് ദുരന്തത്തിൽ പ്രസീതയുടെ ചുണ്ടിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രസീതയെ പ്രാഥമിക ചികിത്സക്കുശേഷം ഡിസ്ച്ചാർജ് ചെയ്തു. തുടർന്ന് നാദാപുരം കക്കംവള്ളിയിലെ വീട്ടിലെത്തി.

അപകടമുണ്ടായപ്പോൾ ആംബുലൻസ് ഡ്രൈവർ ചില്ലുതകർത്താണ് പുറത്തേക്ക് രക്ഷപ്പെട്ടത്. ഇതുവഴിയാണ് പ്രസീതയും പുറത്തേക്ക് ചാടിയത്. ചാടുന്നതിനിടയിലാണ് കൈക്കിനും കാലിനും കണ്ണിനും പരിക്കുള്ളത്. താടിയെല്ലിന് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കാത്തനിലയിലാണ്. പ്രസീതയും മാണിക്കോത്ത് സുലോചനയുടെ കുടുംബവും അയൽവാസികളും അടുത്തസുഹൃത്തുകളുമാണ്.

സുലോചനയുടെ മകൾ വിദേശത്തും മകൻ എറണാകുളത്തുമാണ്. ഹൃദയസംബന്ധമായ അസുഖം വന്നതിനെത്തുടർന്ന് സുലോചനയ്ക്ക് കൂട്ടിരിപ്പിനാണ് പ്രസീതയെക്കൂടി കൂട്ടിയത്. സുലോചന പത്ത് വർഷമായി നാദാപുരം കക്കംവള്ളിയിലും പരിസരപ്രദേശങ്ങളിലും നൃത്താധ്യാപികയായിരുന്നു. പിന്നീട്‌ അസുഖത്തെത്തുടർന്ന് നൃത്തം പഠിപ്പിക്കുന്നത് നിർത്തിയിരുന്നു.

അതിരാവിലെത്തന്നെ നാദാപുരം മേഖലയിൽ ദുരന്തവാർത്തയെത്തിയിരുന്നു. വിവരം അറിഞ്ഞയുടനെ സി.പി.എം. നേതാവ് സി.എച്ച്. മോഹനൻ, ഏരോത്ത് ഫൈസൽ തുടങ്ങിയവർ കോഴിക്കോട്ടെ ആശുപത്രിയിലെത്തി. ചൊവ്വാഴ്ച വൈകുന്നേരം നാലിന് സുലോചനയുടെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഇ.കെ. വിജയൻ എം.എൽ.എ, നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ, സി.പി.എം. ഏരിയാ സെക്രട്ടറി പി.പി. ചാത്തു, ബംഗ്ലത്ത് മുഹമ്മദ് തുടങ്ങിയവർ അനുശോചിച്ചു.

അടിയന്തരശസ്ത്രക്രിയക്കായി കൊണ്ടുവരുഴാണ്‌ ആശുപത്രിക്ക് സമീപം മറിഞ്ഞ ആംബുലൻസിന് തീപിടിച്ച് രോഗി വെന്തുമരിച്ചത്. നാദാപുരം കക്കംവെള്ളി മാണിക്കോത്ത് സുലോചന (57)ആണ് ദാരുണമായി മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഡോക്ടർ ഉൾപ്പെടെയുള്ള ആറുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽനിന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് വരുകയായിരുന്ന ആംബുലൻസാണ് പൂർണമായും കത്തിയമർന്നത്. ചൊവ്വാഴ്ച പുലർച്ചെ 3.25-നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. കനത്തമഴയും അധികവേഗവും കാരണം ആംബുലൻസ് നിയന്ത്രണംവിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ‌

റോഡരികിൽ സ്ഥാപിച്ച കെ.എസ്.ഇ.ബി.യുടെ ഇരട്ടത്തൂണിലിടിച്ച് നിയന്ത്രണംവിട്ട ആംബുലൻസ് മറിയുകയായിരുന്നു. അല്പസമയത്തിനകം ആംബുലൻസിൽനിന്ന് സമീപത്തുള്ള രണ്ടുകെട്ടിടങ്ങളിലേക്കും തീപടർന്നു. ആംബുലൻസിൽ സ്‌ട്രെച്ചറിൽ ബെൽറ്റിട്ട് കിടത്തിയ നിലയിലായിരുന്ന സുലോചനയ്ക്ക് രക്ഷപ്പെടാനായില്ല. ആംബുലൻസിന്റെ ചില്ലുതകർത്താണ് ഡ്രൈവർ ഉൾപ്പെടെയുള്ളവർ പുറത്തേക്കുവന്നത്. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്ന് സുലോചന വെന്തുമരിക്കുകയായിരുന്നു.

സുലോചന, ഭർത്താവ് ചന്ദ്രൻ, അയൽവാസി പ്രസീത, മലബാർ ആശുപത്രിയിലെ ഡോ. ഫാത്തിമ സഫ, നഴ്‌സുമാരായ ഹർഷ, കണ്ണൂർ കോലഞ്ചേരി നാലാംപീടികയിൽ ജസീറ ഹൗസിൽ ജാഫർ, ഡ്രൈവർ അർജുൻ എന്നിവരാണ് ആംബുലൻസിലുണ്ടായിരുന്നത്.

ഇവരിൽ ചന്ദ്രനും ജാഫറും മിംസ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

പരേതരായ ഗോവിന്ദൻ പണിക്കരുെടയും (മുതുകാട്) അമ്മിണിയുടെയും മകളാണ് സുലോചന. മക്കൾ: ഡോ. പല്ലവി എസ്. ചന്ദ്രൻ, പ്രണവ് എസ്. ചന്ദ്രൻ (എൻജിനിയർ). മരുമക്കൾ: ശ്രീനാഥ് (നിലമ്പൂർ), ആര്യ പ്രസന്നൻ. സഹോദരങ്ങൾ: സുകുമാരൻ (മുതുകാട്), സിന്ധു (പേരാമ്പ്ര).

മൂന്ന് പതിറ്റാണ്ടിനുള്ളിൽ വ്യത്യസ്തയിടങ്ങളിലുള്ള ആംബുലൻസ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 25 പേർക്ക്. ചെറുതും വലുതുമായ 20-ൽ അധികം ആംബുലൻസ് അപകടങ്ങളാണ് ജില്ലയിൽ പോലീസ് രജിസ്റ്റർ ചെയ്തത്. ഇതുകൂടാതെ അപകടങ്ങളിൽ നിയമനടപടികൾ തുടരാതെ മധ്യസ്ഥശ്രമങ്ങളിലൂടെ ഒത്തുതീർപ്പിലെത്തിയവയുമുണ്ട്. ഇതേ കാലയളവിൽ ജില്ലയിൽ വിവിധയിടങ്ങളിലായുണ്ടായ ആംബുലൻസ് അപകടങ്ങളിൽ മാത്രമായി 50 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ചൊവ്വാഴ്ച പുലർച്ചെയാണ് കോഴിക്കോട് നഗരത്തിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് കത്തിയമർന്ന ദുരന്തമുണ്ടായത്. ഇൗ ആംബുലൻസിൽ രണ്ട് ഓക്സിജൻ സിലിൻഡറുണ്ടായിരുന്നു. ഇതാണ് തീ അതിവേഗം പടർന്നതിന് കാരണമെന്ന് സംശയിക്കുന്നതായി അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

2009 മാർച്ചിൽ കൊയിലാണ്ടി ദേശീയപാതയിലെ തിരുവങ്ങൂരിൽ നവജാത ശിശുവിനെയുംകൊണ്ട് മെഡിക്കൽകോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ലോറിയുടെ പിന്നിലിടിച്ച് കുട്ടിയുൾപ്പെടെ നാലുപേരാണ് മരിച്ചത്.

രണ്ടുപതിറ്റാണ്ടുമുമ്പ് വെങ്ങളത്തുണ്ടായ അപകടത്തിൽ മൃതദേഹവുമായിവന്ന ആംബുലൻസ് ബസുമായി കൂട്ടിയിടിച്ച് മൂന്നുപേരും മരിച്ചു. ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹവുമായിവന്ന ആംബുലൻസ് സ്വകാര്യബസുമായി കൂട്ടിയിടിച്ചാണ് ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചത്. ഈ അപകടത്തിൽ എട്ടുപേർക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.

2008 ജൂണിലായിരുന്നു മറ്റൊരു വലിയ ദുരന്തം. ബെംഗളൂരുവിൽ അപകടത്തിൽ മരിച്ച മകന്റെ മൃതദേഹവുമായിവന്ന ആംബുലൻസ് തൊട്ടിൽപ്പാലം ചാത്തൻകോട്ടുനടയ്ക്കടുത്ത് പട്യാട്ടു പുഴയിലേക്ക് മറിഞ്ഞ് അച്ഛനുമമ്മയുമടക്കം അഞ്ചുപേരാണ് മരിച്ചത്.

താമരശ്ശേരിയിൽ 2014 മാർച്ചിൽ ബൈക്കും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പ്ലസ് വൺ വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker