കണ്ണൂർ: പിടികൂടിയ കടുവയെ മൃഗശാലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂരിൽ നാട്ടുകാരുടെ പ്രതിഷേധം. കണ്ടപ്പുനം വനംവകുപ്പ് ഓഫീസ് നാട്ടുകാർ ഉപരോധിക്കുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും വിഷയത്തിൽ വ്യക്തത വരുത്തുന്നില്ലെന്നാണ് ആളുകളുടെ പരാതി. വനത്തിൽ തുറന്നുവിടില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു. കടുവയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. കടുവയെ തുറന്നുവിടരുതെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് നാട്ടുകാർ വാഹനം തടയുകയും പൊലീസുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തിരുന്നു.
വനം വകുപ്പിൻ്റെ ആരോഗ്യ പരിശോധനയിൽ കടുവയ്ക്ക് ഉളിപ്പല്ല് ഇല്ലെന്ന് കണ്ടെത്തിയതോടെ ഉടൻ കാട്ടിലേക്ക് വിടില്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. തുടർന്ന് ഡോക്ടർമാരുടെ പരിശോധനാഫലം വന്നതിനുശേഷം മാത്രം തീരുമാനമെടുക്കുകയുള്ളൂ എന്നും ഡിഎഫ്ഒ അറിയിച്ചു. ഇര തേടി ഭക്ഷണം കണ്ടെത്താൻ കടുവയ്ക്ക് ഉളിപ്പല്ല് അത്യാവശ്യമാണ്. എന്നാൽ പിടികൂടിയ കടുവക്ക് ഉളിപ്പല്ല് നഷ്ടമായതിനാൽ കടുവ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്. അതിനാലാണ് കടുവയെ ഉടൻ വനത്തിലേക്ക് വിടില്ല എന്ന തീരുമാനത്തിലേക്ക് എത്തിയത്.
മണത്തല സെക്ഷൻ ഫോറസ്റ്റിന് കീഴിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തിയാണ് കടുവയെ മയക്കുവെടിവച്ചത്. കടുവ രക്ഷപ്പെട്ട് ഓടാനുള്ള സാധ്യത മുൻ നിർത്തി ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് അടച്ചിരുന്നു. റബര്‍ ടാപ്പിങ്ങിനു പോയ പുളിമൂട്ടിൽ സിബി എന്ന യുവാവാണ് കടുവയെ കണ്ടത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിക്കുകയായിരുന്നു. കഴുത്തിൽ കമ്പി കുടുങ്ങിയ നിലയിലായിരുന്നു കടുവ.