KeralaNews

മൂന്ന് മണിക്കൂറിനുള്ളില്‍ 20 ഓളം ഉരുള്‍പൊട്ടലുകള്‍; തകര്‍ന്നടിഞ്ഞ് പ്ലാപ്പള്ളി ഗ്രാമം

കോട്ടയം: ശനിയാഴ്ചയുണ്ടായ അതിശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലുണ്ടായത് വന്‍ നാശനഷ്ടം. ജില്ലയുടെ കിഴക്കന്‍ മലയോരപ്രദേശമായ പ്ലാപ്പള്ളിയില്‍ ശനിയാഴ്ച രാവിലെ 8.30 മുതല്‍ 11.30 വരെ ചെറുതും വലുതുമായ ഇരുപതോളം ഉരുള്‍പൊട്ടലുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ ഏഴു പേരെയാണ് കാണാതായത്. ഇവിടെ നാലു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂന്നാംവാര്‍ഡാണ് പ്ലാപ്പള്ളി. ഈ പ്രദേശം ഉരുള്‍പൊട്ടലിലും മഴയിലും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തനത്തിനും അധികൃതര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

പ്ലാപ്പള്ളി നിവാസികള്‍ നിത്യോപയോഗസാധനങ്ങള്‍ വാങ്ങാനുംമറ്റും ആശ്രയിക്കുന്നത് ഏന്തയാര്‍, കൂട്ടിക്കല്‍ ടൗണുകളെയാണ്. ഇവിടേക്കുള്ള റോഡുകള്‍ തകര്‍ന്നു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്ന് അരക്കിലോമീറ്റര്‍ അകലെയായി ഒരു സര്‍ക്കാര്‍ സ്‌കൂളുണ്ട്. ഇവിടെ ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടുണ്ട്. പ്ലാപ്പള്ളിഗ്രാമം രണ്ടുമലനിരകളായി സ്ഥിതിചെയ്യുന്ന ഇടമാണ്. ഒട്ടേറെ മണ്ണിടിച്ചിലുകള്‍മൂലം റോഡ് ഗതാഗതം തടസ്സപ്പെട്ടു.

കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.
ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. കൂട്ടിക്കല്‍ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്നലെ കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

അതേസമയം, മലയോര മേഖലയില്‍ മഴ ശക്തമായതോടെ തിരുവനന്തപുരത്തെ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. കോട്ടൂര്‍ അഗസ്ത്യ വനത്തിലേക്ക് കടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കനത്ത മഴ തുടങ്ങിയതോടെ ഇവിടേക്കുള്ള റോഡുകളും തകര്‍ന്നു. കുറ്റിച്ചല്‍ പഞ്ചായത്തിനു കീഴിലെ 27 ആദിവാസി സെറ്റില്‍മെന്റ് ഏരിയകളാണ് മഴയത്ത് ഒറ്റപ്പെട്ടത്.

മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. നെയ്യാര്‍, പേപ്പാറ, അരുവിക്കര, കല്ലാര്‍കുട്ടി, പോത്തുണ്ടി, മലമ്പുഴ, പെരിങ്ങള്‍കുത്ത്, പീച്ചി, മൂഴിയാര്‍, വാഴാനി എന്നീ ഡാമുകളാണ് തുറന്നത്. കക്കി- ആനത്തോട് ഡാം ഇന്ന് ഉച്ചയോടെ തുറക്കും.

ഇടുക്കി ഡാമിലെ ജലനിരപ്പ് രണ്ട് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 520 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഉടന്‍ തന്നെ 80 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker