കൊച്ചി: കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ പരാതിയിൽ ആദ്യഅറസ്റ്റ്. സി.പി.എം. പ്രവർത്തകനായ അരുൺ ബി. മോഹനാണ് പിടിയിലായത്. കലാ രാജുവിനെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകുമ്പോൾ അരുൺ ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അരുണിന് പുറമെ മറ്റ് ചില പ്രവർത്തകരുടെ അറസ്റ്റും തിങ്കളാഴ്ചയുണ്ടായേക്കും എന്നാണ് വിവരം.
ശനിയാഴ്ചയാണ് എൽ.ഡി.എഫ്. ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിൽ യു.ഡി.എഫ്. നൽകിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കാനെത്തിയ സ്വന്തം കൗൺസിലറെ സി.പി.എം. പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയരുന്നത്. സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിലെത്തിച്ച കൗൺസിലർ കലാ രാജുവിനെ പിന്നീട് പ്രവർത്തകർതന്നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട്, സി.പി.എം. പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കലാ രാജു തന്നെ രംഗത്തെത്തി. വാഹനത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. പൊതുജനമധ്യത്തിലാണ് ഈ സംഭവങ്ങൾ നടന്നത്. കാറിന്റെ ഡോറിനിടയിൽ കുരുങ്ങിയ കാല് എടുക്കാൻ കഴിഞ്ഞില്ല.
വേദനകൊണ്ട് പുളഞ്ഞപ്പോഴും ഡോർ തുറന്ന് കാലെടുക്കാൻ അനുവദിച്ചില്ല. ആശുപത്രിയിൽ പോകണമെന്നും മക്കളെ കാണണമെന്നും ആവശ്യപ്പെട്ടപ്പോൾ ഏരിയ സെക്രട്ടറിയുടെ അനുവാദം വേണമെന്നായിരുന്നു മറുപടിയെന്നും കല ആരോപിച്ചു.