
കൊല്ലം : ഉളിയക്കോവിലില്‍ ഇരുപതുകാരനെ വീട്ടില്‍ കയറി കുത്തിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥി ഫെബിന്‍ ജോര്‍ജ് ഗോമസിനെ നീണ്ടകര സ്വദേശിയായ തേജസ് രാജു (22) ആണ് കുത്തിക്കൊലപ്പെടുത്തിയത്. ഫെബിനെ പച്ചയ്ക്ക് കത്തിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഇത് പാളിയാല്‍ പ്ലാന്‍ ബിയും തേജസ് തയ്യാറാക്കി. ഇതുകൊണ്ടാണ് പെട്രോളും കത്തിയുമായി തേജസ് വീട്ടിലേക്ക് വന്നത്.
തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് വെളുത്ത വാഗണ്‍ ആര്‍ കാറില്‍ ഫെബിന്റെ വീട്ടില്‍ തേജസ് എത്തിയത്. കയ്യില്‍ കത്തി കരുതിയിരുന്ന തേജസ്, ബുര്‍ഖ ധരിച്ച ശേഷം വീട്ടുമുറ്റത്തേയ്ക്കു കയറി. രണ്ടു കുപ്പി പെട്രോളും തേജസ് കയ്യില്‍ കരുതിയിരുന്നു. കൊല്ലത്തെ പമ്പില്‍ നിന്നും വാങ്ങിയതായിരുന്നു ഇതെന്ന് പോലീസും കണ്ടെത്തി. ഫെബിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചത്. ബഹളം കേട്ട് ഫെബിന്റെ പിതാവ് പുറത്തേയ്ക്കു ഇറങ്ങിയതോടെ പദ്ധതി മാറി. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫെബിനെ നെഞ്ചില്‍ കുത്തിവീഴ്ത്തി. തടയാന്‍ ശ്രമിച്ച പിതാവ് ജോര്‍ജ് ഗോമസിനും അക്രമണത്തില്‍ പരുക്കേറ്റു. അതിന് ശേഷം ഫെബിനെ തുരുതുരാ കുത്തി. പിന്നീട് പെട്രോളിനെ കുറിച്ച് കൊലപാതകി ആലോചിച്ചതേ ഇല്ലെന്ന് വ്യക്തം.
കൊലപാതകത്തിനു ശേഷം കത്തി ഉപേക്ഷിച്ച തേജസ്, കാറില്‍ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു. മൂന്നു കിലോമീറ്റര്‍ അകലെ ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിനു താഴെ വാഹനം നിര്‍ത്തിയ തേജസ് കൈ ഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി തേജസ് ജീവനൊടുക്കി. കാറില്‍ രക്തം പടര്‍ന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തേജസും ഫെബിനും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നു. പ്രതി തേജസ്, കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഗ്രേഡ് എസ്‌ഐ രാജുവിന്റെ മകനാണ്. ഫെബിന്റെ സഹോദരിയുടെ സഹപാഠിയാണ് തേജസ്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൊലയ്ക്ക് കാരണമായത്.
ഫെബിന്റെ നെഞ്ചത്തും വാരിയെല്ലിലും കഴുത്തിലും തേജസ് കുത്തി. ഫെബിന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഫെബിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. 22 വയസുകാരനായ ഫെബിന്‍ ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പാര്‍ട്ട് ടൈം ആി സൊമാറ്റോ ഡെലിവറി ഏജന്റായും ജോലി ചെയ്യുന്നുണ്ട്. ഫെബിനേയും പിതാവിനേയും കുത്തിയ ശേഷം തേജസ് വീടിന്റെ മതില്‍ ചാടിക്കടന്ന് തന്റെ കാറുമെടുത്ത് കടപ്പാക്കട റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെത്തുകയും അപ്പോള്‍ വന്ന ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടുകയുമായിരുന്നു.
തേജസിന്റേയും ഫെബിന്റേയും വീട്ടുകാര്‍ തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും സൂചനകളുണ്ട്. ഫെബിന്റെ വീട്ടില്‍ മുമ്പും തേജസ് വന്നിട്ടുമുണ്ട്. ഫെബിന്റെ വീട്ടിന് അടുത്ത ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. ഇതിന്റെ ബഹളങ്ങളിലും സന്തോഷത്തിലുമായിരുന്നു ഉളിയക്കോവിലുകാര്‍. ഇതിനിടെയാണ് തേജസിന്റെ രൂപത്തില്‍ നാട്ടുകാര്‍ക്ക് നല്ലൊരു ദിവസം കറുത്ത തിങ്കളായി മാറിയത്.
പെട്ടെന്നുണ്ടായ പ്രകോപനമാണോ മറ്റെന്തെങ്കിലുമാണോ ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കൊലപാതകത്തിനുള്ള കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി. ആത്മഹത്യ ചെയ്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ട് മരണങ്ങളും ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഒരാള്‍ മാത്രമാണോ കാറില്‍ ഉണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു. ഇക്കാലത്തെ കുട്ടികള്‍ക്ക് എന്താണ് ജീവന്റെ വില മനസ്സിലാകാത്തതെന്നും കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു.