Featuredhome bannerHome-bannerKeralaNews

തട്ടിയത് 100 കോടിയിലേറെ;50 കോടി കളഞ്ഞത്ചൂതാട്ടത്തിൽ, ആഡംബര വീടുകളും ഫ്ലാറ്റുകളും സ്വന്തമാക്കി

കാക്കനാട്: ഗോവ കാസിനോകളിൽ ചൂതാട്ടം, വിവിധ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങൽ, ആഡംബര കാറുകളും ഫ്ളാറ്റുകളും സൂപ്പർ മാർക്കറ്റുകളും മുതൽ ക്രിക്കറ്റ് ക്ലബ്ബ് വരെ വാങ്ങിക്കൂട്ടി.ഓഹരി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃക്കാക്കര ക്ഷേത്രത്തിനു സമീപം എസ്.എഫ്.എസ്. ഗ്രാൻഡ് വില്ലയിൽ താമസിക്കുന്ന എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയും കോടികൾ ചെലവഴിച്ചതിങ്ങനെ. ഗോവയിൽ വമ്പൻ കാസിനോകളിൽ 50 കോടി രൂപയോളം കളിച്ച് കളഞ്ഞിട്ടുണ്ടെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതുവരെ 119 പേരാണ് പരാതിയുമായി എത്തിയത്. പോലീസിനു ലഭിച്ച തെളിവുകൾ പ്രകാരം 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ സംഘം കണക്കാക്കിയിരിക്കുന്നത്.

2013-ൽ തൃക്കാക്കരയിൽ മാസ്റ്റേഴ്‌സ് ഫിൻകോർപ്പ് എന്ന സ്ഥാപനമാണ് ഇവർ ആദ്യം ആരംഭിച്ചത്. ഓഹരി വിപണിയിൽ 2017 വരെ പണം നിക്ഷേപിച്ച് ഇടപാടുകൾ നടത്തിയിരുന്നു. മാസ്റ്റേഴ്‌സ് ക്ലബ്ബ് എന്ന പേരിൽ എറണാകുളം കേന്ദ്രീകരിച്ചാണ് ക്രിക്കറ്റ് ടീം രൂപവത്‌കരിച്ചത്. ജില്ലയുടെ വിവിധയിടങ്ങളിലായി മൂന്ന് സൂപ്പർ മാർക്കറ്റുകൾ ആരംഭിച്ചു. ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് പ്രവാസികൾ, സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവരിൽനിന്നാണ് കോടികൾ തട്ടിയെടുത്തത്. തൃക്കാക്കരയിലെ മാസ്റ്റേഴ്‌സ് ഫിൻകോർപ്പ്, മാസ്റ്റേഴ്‌സ് ഫിൻ സെർവ്, മാസ്റ്റേഴ്‌സ് ഫിൻ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയായിരുന്നു തട്ടിപ്പ്.

എബിൻ വർഗീസിനെയും ശ്രീരഞ്ജിനിയെയും കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജനുവരി 19 വരെ റിമാൻഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ജില്ലാ ജയിലിലേക്കാണ്‌ പ്രതികളെ മാറ്റിയത്. ദുബായിയിൽനിന്ന് നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. കൊച്ചി പോലീസിന്റെ ലുക്ക് ഔട്ട് സർക്കുലർ പ്രകാരം വിമാനത്താവള അധികൃതർ തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഡൽഹിയിലെത്തിയ തൃക്കാക്കര പോലീസ് ബുധനാഴ്ച രാത്രിയോടെ പ്രതികളെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഓഹരി തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്ന് കൊച്ചി ഡി.സി.പി. എസ്. ശശിധരൻ പറഞ്ഞു. പ്രതികൾ തട്ടിയെടുത്ത പണം എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് കണ്ടെത്താനായിട്ടില്ല. കോടിക്കണക്കിനു രൂപ പ്രതികൾ ധൂർത്തടിച്ചു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker