കൊച്ചി: കൊച്ചി മെട്രോയില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു. തീരുമാനം ഉടനുണ്ടാകുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) അറിയിച്ചു. മെട്രോയില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ഉടനുണ്ടാകുമെന്ന് മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
യാത്രക്കാരുടെയും മറ്റ് പൊതുജനങ്ങളുടെയും അഭിപ്രായമറിയാന്‍ കെ.എം.ആര്‍.എല്‍. നടത്തിയ സര്‍വേയില്‍ ഉയര്‍ന്ന ആവശ്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. സര്‍വേയില്‍ പങ്കെടുത്തവരില്‍ 77 ശതമാനം ആളുകളുടെയും അഭിപ്രായം ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നു തന്നെയാണ്. ഈ ആവശ്യമാണ് പരിഗണനയ്ക്ക് എടുത്തിരിക്കുന്നത്.
സര്‍വേയില്‍ 11,199 േപരാണ് പങ്കെടുത്തത്. ഇതില്‍ 63 ശതമാനം പേര്‍ മെട്രോ ഉപയോഗിക്കാത്തവരും 37 ശതമാനം മെട്രോ ഉപയോഗിക്കുന്നവരുമായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കും. ഇവര്‍ക്കൊപ്പമുള്ളയാള്‍ക്ക് പകുതി നിരക്ക് മതിയാകും.
ജല മെട്രോ ഡിസംബറില്‍ നീറ്റിലിറക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍വേയുടെ അടിസ്ഥാനത്തില്‍ കെ.എം.ആര്‍.എല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി പ്രത്യേക ചര്‍ച്ച നടത്തി കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം ആലോചിക്കുന്നതാണ്.