കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിൽ നേരത്തെ വിട്ടയച്ച യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിചേർക്കാതെ ഒഴിവാക്കിയ തിരുവല്ല സ്വദേശിയായ ത്വയ്ബയെയാണ് അറസ്റ്റ് ചെയ്തത്. യുവതിയെ ശനിയാഴ്ച തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ശനിയാഴ്ച രാവിലെ ചോദ്യംചെയ്യാനായി ത്വയ്ബയെ കൊച്ചിയിലെ എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചെന്നൈയിൽനിന്ന് എം.ഡി.എം.എ. ലഹരിമരുന്ന് എത്തിച്ച സംഘത്തിൽ ത്വയ്ബയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നായ്ക്കൾക്ക് നൽകുന്ന തീറ്റയുടെ കവറിൽ ഒളിപ്പിച്ചാണ് ഇവർ ലഹരിമരുന്ന് കടത്തിയിരുന്നത്. റെയ്ഡിനിടെ ലഹരിമരുന്ന് ഒളിപ്പിക്കാൻ ത്വയ്ബയും നേരത്തെ പിടിയിലായ ശബ്നയും ശ്രമിച്ചിരുന്നതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു.
ഓഗസ്റ്റ് 19-നാണ് കാക്കനാട്ടെ ഫ്ളാറ്റിൽനിന്ന് എം.ഡി.എം.എ. ലഹരിമരുന്ന് പിടിച്ചെടുത്തത്. കേസിൽ ആദ്യം ഏഴ് പ്രതികളെ പിടികൂടിയെന്നായിരുന്നു എക്സൈസിന്റെ വിശദീകരണം. എന്നാൽ കേസ് കോടതിയിൽ എത്തിയപ്പോൾ ഒരു യുവതിയെയും യുവാവിനെയും പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കി. കേസിന്റെ മഹസർ തയ്യാറാക്കിയതിലും പൊരുത്തക്കേടുകളുണ്ടായി. ഇതോടെയാണ് ലഹരിമരുന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം ശക്തമായത്. തുടർന്ന് എക്സൈസ് ക്രൈംബ്രാഞ്ച് സംഭവത്തിൽ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.