കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ പത്മകുമാറും കുടുംബവും ഹണി ട്രാപ്പിനും പദ്ധതിയിട്ടിരുന്നതായി തെളിഞ്ഞു. അനിതകുമാരിയും അനുപമയും ചേർന്ന് എഴുതിയ കുറിപ്പുകളിൽ നിന്നാണ് ഇതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
ഒറ്റയ്‌ക്ക് താമസിക്കുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വർണം കവരാനും പദ്ധതിയിട്ടിരുന്നു. ഇതിനായി വിവിധ സ്ഥലങ്ങളിൽ പോയി വൃദ്ധരെ കണ്ടെത്തി അവരുടെ മാല, വള, കമ്മൽ എന്നിവയുടെ വിവരങ്ങളും എഴുതിവച്ചു. കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവങ്ങളുണ്ടെന്നും അത് ഒതുക്കിത്തീർക്കണമെങ്കിൽ പണം നൽകണമെന്നും പറഞ്ഞ് തട്ടിപ്പിന് പദ്ധതി തയ്യാറാക്കി. ഓരോ സ്ഥലത്തും എത്താനും തിരിച്ചുപോകാനുമുള്ള വഴിയുടെ വിവരം വരച്ച് സൂക്ഷിച്ചു. തട്ടിക്കൊണ്ടുപോകാൻ വേണ്ടി കുട്ടികളുടെയും വീടുകളുടെയും വിവരം ശേഖരിച്ച് കുറിച്ചുവച്ചിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികൾ പലയിടത്തും കറങ്ങിനടന്നു. രാത്രി ഏഴ് മണിയോടെയാണ് ഇവർ വീട്ടിലെത്തിയത്. കുട്ടിയെ അനുപമയ്‌ക്കൊപ്പം ഇരുത്തിയ ശേഷം പത്മകുമാറും അനിതകുമാരിയും പുറത്തുപോയി ഭക്ഷണവും വീട്ടുസാധനങ്ങളും വാങ്ങി. മടങ്ങി വീട്ടിലെത്തിയ ടിവി കാണുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് വലിയ വാർത്തയായെന്ന് അറിയുന്നത്. അതിനുശേഷമാണ് കുട്ടിയെ തിരികെ വിടാനുള്ള ആലോചന തുടങ്ങിയത്.
കഴിഞ്ഞ ദിവസം പ്രതികളെ പോളച്ചിറയിലെ ഫാം ഹൗസിലെത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തിരുന്നു. രണ്ടാം പ്രതിയായ അനിതകുമാരിയെ (39) മാത്രമാണ് പൊലീസ് വാനിൽ നിന്ന് പുറത്തിറക്കിയത്. ഒന്നാം പ്രതി ചാത്തന്നൂർ മാമ്പള്ളികുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), മകൾ അനുപമ (20) എന്നിവരെ വാഹനത്തിനുള്ളിലിരുത്തി.
മൂന്നര ഏക്കർ വരുന്ന ഫാമിന്റെ ഏറ്റവും പിന്നിലായി നായ്ക്കളുടെ ഷെഡിന് സമീപത്ത് നിന്ന് ആറ് വയസുകാരിയുടെ നോട്ട് ബുക്കിന്റെ ചില ഭാഗങ്ങൾ കണ്ടെത്തി. കൂടാതെ സ്‌കൂൾ ബാഗ് കത്തിച്ചതിന്റെ അവശിഷ്ടങ്ങളും ഇൻസ്ട്രുമെന്റ് ബോക്‌സും അന്വേഷണസംഘം കണ്ടെടുത്തു. ഒന്നര മണിക്കൂറിലേറെ നീണ്ട തെളിവെടുപ്പിൽ അനിതകുമാരി സംഭവദിവസത്തെ കാര്യങ്ങൾ വിശദീകരിച്ചു. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. ഫാമിൽ നിന്ന് ചില വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.