‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഒരു നല്ല സിനിമ അല്ല, നായികയുടെ സഹനവും സിനിമയിലെ സ്ത്രീപക്ഷ നിലപാടുകളും വ്യാജം; ജൂറി അംഗം
കൊച്ചി: മികച്ച ചിത്രത്തിനുള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ നേടിയ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഒരു നല്ല സിനിമ അല്ലെന്ന് ചലച്ചിത്ര അക്കാദമി പുരസ്‌കാര നിര്‍ണ്ണയ സമിതി അംഗം എന്‍. ശശിധരന്‍. സ്ത്രീപക്ഷ സിനിമ എന്ന് പറയുന്നത് തെറ്റാണെന്ന അഭിപ്രായക്കാരനാണ് താന്‍. നായികയുടെ ഇത്രയും സഹനങ്ങളും സിനിമയില്‍ കാണിക്കുന്ന സ്ത്രീപക്ഷ നിലപാടുകളും വ്യാജമാണ്.
താന്‍ ആ സിനിമയ്ക്കെതിരാണെന്നും ശശിധരന്‍ പറഞ്ഞു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത സിദ്ധാര്‍ത്ഥ ശിവയുടെ ‘എന്നിവര്‍’ എന്ന ചിത്രം മത-മൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ തികച്ചും നെഗറ്റീവായ സന്ദേശം പ്രചരിപ്പിക്കുന്ന സിനിമയാണ് എന്നും അദ്ദേഹം പറഞ്ഞു.
അത്തരം സിനിമയുടെ സംവിധായകന് അവാര്‍ഡ് നല്‍കുന്നുവെന്നത് ജൂറി അംഗമായ എനിക്ക് അപമാനകരമാണ്. നല്ല സിനിമകള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന വേദനയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാരനിര്‍ണയം സംബന്ധിച്ച് തികച്ചും നിരാശാജനകമായ അനുഭവമാണ് തനിക്ക് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് നല്ല സിനിമകള്‍ ഉണ്ടായിരുന്നു.
ഒരു സിനിമയ്ക്കുവേണ്ടി ജൂറി അംഗം എന്ന നിലയില്‍ വാദിക്കുമ്പോള്‍ ജൂറി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ വോട്ടുചെയ്താണ് അഭിപ്രായത്തെ മാനിക്കുന്നതും വിയോജിപ്പ് അറിയിക്കുന്നതും. തികച്ചും യാന്ത്രികമായി നടന്ന അവാര്‍ഡ് നിര്‍ണയമായിരുന്നു ഇത്തവണത്തേത് എന്നും അദ്ദേഹം പറഞ്ഞു. സിനിമകളെ കലാപരമായും ആശയപരമായും ഉള്‍ക്കൊള്ളാനുള്ള പാടവം സമിതിയില്‍ ഒന്നോ രണ്ടോ പേരൊഴികെ ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ലെന്നും ശശിധരന്‍ വ്യക്തമാക്കി.