കൊച്ചി: നമ്പര്‍ 18 ഹോട്ടലിലെ ലഹരി പാര്‍ട്ടിയും മോഡലുകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ കുടുങ്ങും. വാഹനാപകട കേസിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം തങ്കച്ചന്‍ ലഹരി മരുന്ന് ഇടപാട് കേസിലെ മുഖ്യപ്രതിയാണെന്ന സൂചനയാണ് പോലീസിന് ലഭിക്കുന്നത്. ഒരു സ്ത്രീയുടെ ശരീരത്തില്‍ മയക്കുമരുന്നായ എം.ഡി.എം.എ. വിതറി ഒന്നിലധികം പുരുഷന്മാര്‍ ചേര്‍ന്ന് ഉപയോഗിക്കുന്ന വീഡിയോയും ഫ്ളാറ്റില്‍ എത്തുന്നവരെ ലഹരി നല്‍കി മയക്കി പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും സൈജുവിന്റെ ഫോണില്‍ നിന്നും പോലീസിന് ലഭിച്ചു.
ചിലവന്നൂരിലെ ഫ്ളാറ്റില്‍ 2020 സെപ്റ്റംബര്‍ ആറിനാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം ഇതേ ഫ്ളാറ്റില്‍ നടന്ന പാര്‍ട്ടിയില്‍ അമല്‍ പപ്പടവട, നസ്ലിന്‍, സലാഹുദീന്‍ മൊയ്തീന്‍, ഷിനു മിന്നു എന്നിവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലഹരി നല്‍കി മയക്കിയ ശേഷം ഇവരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഇതുവെച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്യുന്ന പരിപാടി ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അറിയപ്പെടുന്ന പലരും സൈജു സംഘടിപ്പിച്ച ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. വനിതാ ഡോക്ടര്‍ അടക്കം ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. വീഡിയോയില്‍ കണ്ട യുവതികളെയും പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 2021 ജൂലൈ 26നു സൈറ ബാനുവെന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ഒരു ചാറ്റില്‍ ലഹരി പാര്‍ട്ടി നടത്താനായി കാട്ടില്‍ പോയി കാട്ടുപോത്തിനെ വെടിവച്ചു കൊന്നതായും പറയുന്നു.
‘സാധനങ്ങളോ. ഞങ്ങള്‍ ഫുള്‍ നാച്ചുറല്‍ ആയിരുന്നു മോളെ, നാച്ചുറല്‍ വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടുപോത്തിനെ വെടിവെച്ച് വനത്തില്‍ കറി വെച്ചത്, ഇത്തിരി സ്റ്റാമ്ബ്, ഇച്ചിരി ലൈന്‍ ഇവരുടെയൊക്കെ കുറവുണ്ടായി, അത് അടുത്ത തവണ വരുമ്‌ബോള്‍ പരിഹരിക്കാം’ സൈറ ബാനുവുമായി 2021 ജൂലായ് 26-ന് സൈജു നടത്തിയ ചാറ്റ് ലഹരി ബന്ധത്തിന് തെളിവാണ്.
റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ള പേരുകാരെയെല്ലാം പൊലീസ് ചോദ്യം ചെയ്യും. അമല്‍ പപ്പടവടയുടെ ഭാര്യ മിനു പൗളിനേയും പൊലീസ് കാര്യങ്ങള്‍ തിരക്കാന്‍ വിളിക്കും. കൊച്ചി, മൂന്നാര്‍, ഗോവ എന്നിവിടങ്ങളില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയതിന്റെ വിശദമായ വിവരങ്ങളും ഫോണില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. കൊച്ചിയിലെ ലഹരി കടത്തു തലവനാണ് സൈജു പോളെന്ന് പോലീസ് പറയുന്നു. മോഡലുകള്‍ സഞ്ചരിച്ച കാറിനെ പിന്തുടരാന്‍ സൈജു ഉപയോഗിച്ച കാറിന്റെ റജിസ്റ്റേഡ് ഉടമ ഫെബി ജോണും സുഹൃത്തുക്കളും ഒരുമിച്ചു കാക്കനാട്ടെ ഫ്ളാറ്റില്‍ നടത്തിയ പാര്‍ട്ടിയുടെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.