ന്യൂഡല്‍ഹി: കാലാവധി ബാക്കി നില്‍ക്കെ ബി.എസ്.എഫ്. തലപ്പത്തുനിന്ന് നിതിന്‍ അഗര്‍വാളിനെ നീക്കിയതിന് പിന്നില്‍ ഏകോപനത്തിലെ പാളിച്ചയടക്കമുള്ള വിമര്‍ശനം ചൂണ്ടിക്കാട്ടിയെന്ന് ദേശീയ മാധ്യമങ്ങള്‍. അന്താരാഷ്ട്ര അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബി.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്ന് അഗര്‍വാളിനെ നീക്കം ചെയ്യുന്നതെന്ന് NDTV റിപ്പോര്‍ട്ടുചെയ്തു. 1989 കേരള ബാച്ച് ഉദ്യോഗസ്ഥനായ നിതിന്‍ അഗര്‍വാളിനെ സംസ്ഥാന കേഡറിലേക്ക് തിരിച്ചയച്ചു. സ്‌പെഷ്യല്‍ ഡെപ്യൂട്ടി ഡി.ജി. ആയിരുന്ന വൈ.ബി. ഖുരാനിയേയും മാറ്റിയിരുന്നു.
സേനയ്ക്കുള്ളില്‍ അഗര്‍വാളിന് നിയന്ത്രണമില്ലായിരുന്നെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ടുചെയ്തു. മറ്റ് സൈനിക വിഭാഗങ്ങളുമായുള്ള ഏകോപനക്കുറവും സ്ഥാനം തെറിക്കുന്നതിന് കാരണമായി. ഇത്തരത്തില്‍ കാലാവധി പൂര്‍ത്തിയാക്കുംമുമ്പുള്ള സ്ഥാനചലനം വഴി കേന്ദ്ര സര്‍ക്കാര്‍ ശക്തമായ സന്ദേശം നല്‍കുകയാണെന്നും വ്യാഖ്യാനമുണ്ട്.
കഴിഞ്ഞ ജൂണിലാണ് അഗര്‍വാള്‍ ബി.എസ്.എഫ്. മേധാവിയായി ചുമതലയേറ്റത്. 2026 ജൂലായ് വരെയായിരുന്നു നിയമനകാലാവധി. അഗര്‍വാളിനൊപ്പം സ്ഥാനചലനമുണ്ടായ ഖുരാനിയ 1990 ബാച്ച് ഒഡിഷ കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. ബി.എസ്.എഫ് തലപ്പത്തെ മാറ്റം അസാധാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.