KeralaNews

‘സഖാവ്’ എന്ന വാക്ക് ഉപയോഗിക്കുന്നത് അര്‍ഥം മനസിലാക്കാതെ;ഭാരത സംസ്‌കാരത്തെ തകര്‍ക്കാനാണ് ഇടതു പാര്‍ട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യം; തെറ്റ് തിരുത്താന്‍ ഒരിക്കലും സിപിഎം തയാറല്ല; കസ്തൂരി അനിരുദ്ധന്‍

തിരുവനന്തപുരം: സിപിഎം നേതാവ് എ സമ്പത്തിന്റെ സഹോദരന്‍ കസ്തൂരി അനിരുദ്ധന്‍ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ അധ്യക്ഷനായി നിയമിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. സിപിഎം പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും കസ്തൂറി ഹിന്ദു ഐക്യവേദിയിലേക്ക് എത്തിയതിന്റെ പേരില്‍ സിപിഎമ്മിനെതിരെ സൈബറിടങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ തന്റെ പിതാവിന്റെയും സഹോദരന്റെയും പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിരിക്കയാണ് എ കസ്തൂരി. സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തുന്നത്.

ഭാരത സംസ്‌കാരത്തെ തകര്‍ക്കാനാണ് ഇടതു പാര്‍ട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യമെന്നാണ് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല അധ്യക്ഷന്‍ കസ്തൂരി അനിരുദ്ധന്‍ വ്യക്തമാക്കുന്നത്. തെറ്റ് തിരുത്താന്‍ ഒരിക്കലും സിപിഎം തയാറല്ല. ഇടത് സ്വീകരിക്കുന്ന സമീപനങ്ങള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ് ഹിന്ദു ഐക്യവേദി എന്നും കസ്തൂരി വ്യക്തമാക്കി.

സിപിഎമ്മിന്റെ അഭിസംബോധനാ രീതികളെ പോലും കസ്തൂരി വിമര്‍ശിക്കുന്നു. സമൂഹത്തില്‍ ഇറങ്ങി ആളുകളുമായി ഇടപെഴകുമ്പോള്‍ ‘സഖാവ്’ എന്നാണ് തന്നെ അഭിസംബോധന ചെയ്യുന്നത്. ആര്‍.എസ്.എസിന്റെയും സംഘ്പരിവാറിന്റെയും നേതൃപദവി വഹിക്കുന്നവര്‍ ഒഴികെ എല്ലാവരും ഇത്തരത്തിലാണ് വിളിക്കുന്നത്. ‘സഖാവ്’ എന്ന വാക്കിന് ഒരു അര്‍ഥമുണ്ടെന്നും അത് മനസിലാക്കാതെയാണ് ഇന്ന് കേരളത്തില്‍ ഉപയോഗിക്കുന്നതെന്നും കസ്തൂരി വ്യക്തമാക്കി.

വിഷ്ണുസഹസ്രനാമത്തിലെ ഒരു വാക്ക് ‘സഖാ’ എന്നാണ്. എപ്പോഴും നമ്മുടെ കൂടെ ഉള്ളവനെന്നും ഒരിക്കലും നമ്മളെ കൈവിടാത്തവന്‍ എന്നും ‘സഖാ’ എന്ന വാക്ക് അര്‍ഥമാക്കുന്നത്. ഹിന്ദുശാസ്ത്രപരമായി ദൈവികമായ വാക്കാണിത്. ഹിന്ദു ഐക്യവേദിയുടെ സാധാരണ പ്രവര്‍ത്തകനായി മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ശനിയാഴ്ചയാണ് അധ്യക്ഷനാക്കുമെന്ന വിവരം അറിഞ്ഞത്. അതിനാല്‍, അധ്യക്ഷ പദവി ഏറ്റെടുക്കുന്ന വിവരം സഹോദരന്‍ എ. സമ്പത്തിനെ അറിയിക്കാന്‍ സാധിച്ചില്ല.

അധ്യക്ഷനായ ശേഷം ആദ്യം വിളിച്ചത് സഹോദരനെയാണ്. വിവരം അറിഞ്ഞപ്പോള്‍ സഹോദരന്‍ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തില്ല. അഭിപ്രായം ആവശ്യമെങ്കില്‍ സഹോദരങ്ങള്‍ പരസ്പരം ചോദിക്കാറുണ്ടെന്നും കസ്തൂരി വ്യക്തമാക്കി. കോളജ് കാലത്ത് എസ്.എഫ്.ഐയില്‍ സജീവമായിരുന്നെങ്കിലും പിന്നീട് ഇടത് ആഭിമുഖ്യം അവസാനിപ്പിച്ചെന്നും കസ്തൂരി ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

മുതിര്‍ന്ന സി.പി.എം നേതാവ് കെ. അനിരുദ്ധന്റെ മകനും എ. സമ്പത്തിന്റെ സഹോദരനുമായ എ. കസ്തൂരി ഇന്നലെയാണ് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല അധ്യക്ഷനായി ചുമതലയേറ്റത്. തിരുവനന്തപുരം ജില്ലയില്‍ സി.പി.എം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു അനിരുദ്ധന്‍.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു അദ്ദേഹം. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നിന്നു. മൂന്നു തവണ എം.എല്‍.എയും ഒരു തവണ എം.പിയും തിരുവനന്തപുരം ജില്ല കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റുമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിനെതിരെ ജയിലില്‍ കിടന്നു മത്സരിച്ച് ജയിച്ച അനിരുദ്ധനെ ‘ജയന്റ് കില്ലര്‍’ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

ദീര്‍ഘകാലം സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗമായും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായും കെ അനിരുദ്ധന്‍.പ്രവര്‍ത്തിച്ചിരുന്നു. സിഐടിയു ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സിഐടിയു അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റിഅംഗമായിരുന്നു. പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണറായതിനെത്തുടര്‍ന്ന് 1963ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭാംഗമായി. 1965ല്‍ ജയിലില്‍കിടന്നുകൊണ്ട് തിരുവനന്തപുരം മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിനെ പരാജയപ്പെടുത്തി.

1967 വീണ്ടും ആര്‍ ശങ്കറെ ചിറയിന്‍കീഴില്‍ പരാജയപ്പെടുത്തി. 1979ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. 1980ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍നിന്ന് നിയമസഭാംഗമായി. 1989ല്‍ തിരുവനന്തപുരം ജില്ലാ കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റായി. കേരളം, നവകേരളം, വിശ്വകേരളം എന്നീ പത്രങ്ങളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മകന്‍ സമ്പത്തും പാര്‍ട്ടിയില്‍ ഉന്നതങ്ങളിലെത്തി. ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്ത് തെരഞ്ഞെടുപ്പു തോല്‍വിയോടെ സിപിഎമ്മില്‍ ഒതുക്കപ്പെടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker