KeralaNews

45 കിലോ ഭാരമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ഭാരം 13 കിലോയായി ചുരുങ്ങി; പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമായില്ല; ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വൈകുന്നത് അന്വേഷണത്തില്‍ വെല്ലുവിളി

കാസര്‍കോട്: കാസര്‍ഗോഡ് പൈവളിഗയില്‍ 15 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയില്‍. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വൈകുന്നതാണ് അന്വേഷണത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. നേരത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം എന്താണെന്ന് വ്യക്തമായിരുന്നില്ല. മൃതദേഹങ്ങള്‍ മമ്മിഫൈഡ് അവസ്ഥയിലായതാണ് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി മാറിയത്.

ഈ മാസം 9 നാണ് 15 കാരിയേയും 42 കാരനേയും പൈവളിഗയിലെ വീടിന് സമീപത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 26 ദിവസത്തെ തെരച്ചിലിനൊടുവിലായിരുന്നു ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ലഭിക്കുമ്പോള്‍ മമ്മി ഫൈഡ് അവസ്ഥയിലായിരുന്നു. 45 കിലോ ഭാരമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ഭാരം 13 കിലോയില്‍ താഴെയായിരുന്നു. സമാനമായിരുന്നു 42 വയസുകാരന്റെയും അവസ്ഥ. ആന്തരികാവയവങ്ങളെല്ലാം ചുരുങ്ങിപ്പോയതിനാല്‍ കൃത്യമായ ഫലം ലഭിക്കാനുള്ള സാധ്യതയും കുറവാണ്.

പോസ്റ്റ്മോര്‍ട്ടത്തില്‍ ആത്മഹത്യയുടെ സൂചനയാണ് ലഭിച്ചതെങ്കിലും അതുറപ്പിക്കാന്‍ പൊലീസ് സര്‍ജനോ അന്വേഷണസംഘത്തിനോ സാധിച്ചിട്ടില്ല. ഒപ്പം മരണകാരണവും കണ്ടെത്തേണ്ടതുണ്ട്. അതിനായി ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഫലം ലഭിക്കാന്‍ വൈകുമെന്നാണ് ലഭ്യമാകുന്ന വിവരം.

നേരത്തെ കുട്ടിയുടെ അമ്മയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിക്ക് പിന്നാലെ കേസില്‍ ഇടപെട്ട ഹൈക്കോടതി കൊലപാതകമാണോ എന്ന സംശയം മുന്നോട്ടുവെച്ചിരുന്നു. 15 കാരിയുടെ മരണത്തില്‍ പൊലീസിനെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരു വിഐപിയുടെ മകള്‍ ആയിരുന്നെങ്കില്‍ പൊലീസ് അന്വേഷണം വൈകിപ്പിക്കുമായിരുന്നോ എന്നായിരുന്നു കോടതി ചോദിച്ചത്. കേസ് ഡയറിയുമായി ഹൈക്കോടതിയില്‍ ഹാജരാവാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. നിയമത്തിനു മുമ്പില്‍ വിവിഐപിയും തെരുവില്‍ താമസിക്കുന്നവരും തുല്യരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

26 ദിവസമായി കാണാതായിരുന്ന ഇരുവരെയും വീടിന് സമീപമുള്ള മൈതാനത്തിന് സമീപമുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മണ്ടേക്കാപ്പ് മേഖലയിലെ ഗ്രൗണ്ടിന് സമീപമുള്ള മരത്തിലാണ് തൂങ്ങിയനിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതോടൊപ്പം ഒരു കത്തിയും കണ്ടെത്തിയിരുന്നു.

52 അംഗ പൊലിസ് സംഘവും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും രാവിലെ മുതല്‍ തിരച്ചില്‍ നടത്തി. ഏഴ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തിരച്ചിലില്‍ പങ്കെടുത്തു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഫെബ്രുവരി 12നാണ് പെണ്‍കുട്ടിയെ കാണാതായത്. പുലര്‍ച്ചെ വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പുറത്തുപോയ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ആദ്യം മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആവുകയായിരുന്നു. അതേസമയം, അയല്‍വാസിയായ പ്രദീപിന്റെ ഫോണും അതേ ദിവസം തന്നെ സ്വിച്ച് ഓഫ് ആയതിനെ തുടര്‍ന്ന് കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു.

കുടുംബം പിന്നീട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. അതിനിടെ, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി പൊലിസ് അന്വേഷണം തുടങ്ങി. കുമ്പള സിഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് വീടുകള്‍ക്ക് സമീപമുള്ള വിജനമായ സ്ഥലത്ത് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker