കെ. സുരേന്ദ്രന് കനത്ത തിരിച്ചടി; കുറ്റവിമുക്തനാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കനത്ത തിരിച്ചടി. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
കാസർകോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരേ സർക്കാർ ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ സമർപ്പിച്ചിരുന്നു. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ജില്ലാകോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിച്ച കെ. സുരേന്ദ്രന് അപരനായി ബി.എസ്.പി.യിലെ കെ. സുന്ദര പത്രിക നൽകിയിരുന്നു. സുരേന്ദ്രന്റെ അനുയായികൾ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചെന്നും പ്രതിഫലമായി 2.5 ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നുമാണ് ബദിയടുക്ക പോലീസിന്റെ കേസ്.
സുന്ദരയുടെ മൊഴിപ്രകാരം പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് ജില്ലാകോടതി സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത്. കോഴ നൽകിയെന്ന കേസ് നിശ്ചിത സമയപരിധിക്കുശേഷമാണ് ചുമത്തിയതെന്നും വിലയിരുത്തി.