FeaturedHome-bannerNationalNews

കടുത്ത എതിര്‍പ്പ്‌;തദ്ദേശീയർക്ക് തൊഴിൽസംവരണ ബില്ല് മരവിപ്പിച്ച് കർണാടക സർക്കാർ

ബെംഗളൂരു: കർണാടകത്തിൽ സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനംവരെ തൊഴിൽ സംവരണംചെയ്യാൻ ലക്ഷ്യമിട്ട് മന്ത്രിസഭ അംഗീകാരം നൽകിയ ബില്ല് വിവാദങ്ങൾക്കുപിന്നാലെ താൽകാലികമായി മരവിപ്പിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തിശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.

ഐടി മേഖലയിൽ നിന്നുൾപ്പടെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് സിദ്ധരാമയ്യ സർക്കാർ ബില്ല് മരവിപ്പിച്ചത്. വ്യവസായ മേഖലയുമായി ആലോചിച്ചശേഷമേ അന്തിമതീരുമാനമെടുക്കൂ എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ബില്ല് മരവിപ്പിച്ച സർക്കാർ തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ പങ്കുവെച്ചിട്ടുമുണ്ട്. അടുത്ത മന്ത്രിസഭാ യോ​ഗത്തിൽ വിഷയം ​ഗൗരവമായി ചർച്ചചെയ്യാനാണ് തീരുമാനം.

കര്‍ണാടകത്തില്‍ സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് 100 ശതമാനം വരെ നിയമനങ്ങള്‍ സംവരണംചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിനായിരുന്നു കര്‍ണാടക മന്ത്രിസഭ അംഗീകാരംനല്‍കിയിരുന്നത്. കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്കൊപ്പം 15 വര്‍ഷമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവര്‍ക്ക് സംവരണംനല്‍കാനാണ് ബില്ലിലെ വ്യവസ്ഥ. വ്യവസായസ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റുസ്ഥാപനങ്ങളിലും മാനേജ്മെന്റ് തസ്തികകളില്‍ 50 ശതമാനവും മാനേജ്മെന്റ് ഇതരതസ്തികകളില്‍ 75 ശതമാനവും തദ്ദേശീയര്‍ക്ക് സംവരണംചെയ്യാനാണ് ബില്‍ വ്യവസ്ഥചെയ്യുന്നത്.

എന്നാൽ, സർക്കാരിന്‍റെ നീക്കത്തിനെതിരേ നിരവധി കോണുകളിൽനിന്ന് വിമർശനങ്ങൾ ഉയർന്നു. ഇതിനേത്തുടർന്ന്, ബില്ലിന് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന കാര്യം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇട്ട പോസ്റ്റ് നേരത്തെ സാമൂഹികമാധ്യമമായ എക്സില്‍നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഐടി സർവ്വീസ് സംഘടനകളുടെ ദേശീയ സംഘടനയായ നാസ്കോം ഉൾപ്പടെ ബില്ലിനെതിരേ വലിയ വിമർശനം ഉന്നയിച്ചിരുന്നു. പ്രമുഖവ്യവസായികളും ബില്ലിനെ എതിർത്ത് രം​ഗത്തെത്തി. തൊഴിൽ നൈപുണ്യമുള്ളവരുടെ എണ്ണം കുറയുമെന്ന വിമർശനമാണ് പ്രധാനമായും ഉയർന്നത്.

ജന്മംകൊണ്ട് അഥവാ ഒരാൾ ജനിച്ച സ്ഥലം പരി​ഗണിച്ച് ഇത്തരം സംവരണം ഏർപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നുള്ള നിയമോപദേശം സർക്കാരിന് ലഭിച്ചെന്നാണ് വിവരം. ബില്ലിന് അം​ഗീകാരം കൊടുത്തതിന് പിന്നാലെ വ്യവസായ മന്ത്രി പി.രാജീവും ആന്ധ്രാപ്രദേശിലെ ഐടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി നാരാ ലോകേഷും ഐടി കമ്പനികളെ ക്ഷണിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഒരു പുനർവിചിന്തനത്തിന് സിദ്ധരാമയ്യ സർക്കാർ തയ്യാറായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker