ആ ഒരൊറ്റ ചിത്രം മതി അദ്ദേഹത്തിന്റെ അഭിനയിത്തിലെ താളം മനസിലാക്കാന്‍; വിരലുകളില്‍ പോലും നടനതാളം നല്‍കിയാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്; മോഹന്‍ലാലിനെ വാനോളം പുകഴ്ത്തി കമല്‍ ഹാസന്‍
![](https://breakingkerala.com/wp-content/uploads/2021/05/kamal-hasan-1.jpg)
ചെന്നൈ: മോഹന്‍ലാലിനെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ സിനിമയുടെ 'ഉലക നായകന്‍' കമല്‍ ഹാസന്‍. മോഹന്‍ലാലിന്റെ സ്വാഭാവിക അഭിനയത്തെ പുകഴ്ത്തി കൊണ്ടാണ് കമല്‍ സംസാരിച്ചത്. വാനപ്രസ്ഥം എന്ന ചിത്രത്തെ കുറിച്ചും മോഹന്‍ലാലിന്റെ അഭിനയത്തിലെ ഒഴുക്കിനെ കുറിച്ചും കമല്‍ ഹാസന്‍ സംസാരിച്ചു. ഉന്നൈപോല്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
'ഉന്നൈപ്പോല്‍ ഒരുവനിലാണ് ഞാനും ലാല്‍ സാറും ഒന്നിക്കുന്നത് ആ സിനിമയില്‍ ഒരു വട്ടം മാത്രമേ ഞങ്ങളുടെ കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നുള്ളൂ. എന്റെ ഒരു അനുഭവത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാനറിയാത്ത നടനാണ്. ബിഹേവ് ചെയ്യാനേ അദ്ദേഹത്തിനറിയു. നമ്മള്‍ വഴിയിലൂടെ നടന്നുപോകുമ്പോള്‍ ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നു എന്നു കരുതുക. വിശേഷങ്ങള്‍ പരസ്പരം ചോദിച്ചറിയും, അതുപോലെയാണ് ലാല്‍സാറിന്റെ അഭിനയം. വല്ലാത്തൊരു ഒഴുക്ക്, താളം. അതാണ് ആ നടനത്തിന്റെ മഹിമ.
ഇന്ത്യന്‍ സിനിമയിലെ മികച്ച അഞ്ച് നടന്മാരെ ഞാന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ അതിലൊരാള്‍ തീര്‍ച്ചയായും മോഹന്‍ലാലായിരിക്കും. ലാല്‍ സാറിന്റെ കഴിവിനെ കുറിച്ചു പറയാന്‍ ഒന്നിച്ചഭിനയിച്ച അനുഭവം പറയണമെന്നില്ല. ഞാനദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. വലിയ ആരാധന തോന്നിയിട്ടുമുണ്ട്. പല സിനിമകളിലെയും മോഹന്‍ലാലിന്റെ കഥാപാത്രങ്ങള്‍ എന്നിലെ ആസ്വാദകനെ അമ്പരപ്പിച്ച് നിര്‍ത്തിയിട്ടിണ്ട്.
അങ്ങനെയൊരനുഭവമാണ് 'വാനപ്രസ്ഥ'ത്തിലെ കഥകളി നടന്‍. അഭിനയത്തില്‍ ലാല്‍സാറിന്റെ താളം എത്ര ഉന്നതിയിലാണെന്ന് ബോധ്യപ്പെടാന്‍ ആ സിനിമ മാത്രം കണ്ടാല്‍ മതിയാകും. വിരലുകളില്‍ പോലും നടനതാളം നല്‍കിയാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്, ' പറഞ്ഞു.