കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ നിന്നു ജനവിധി തേടുന്നത് ആത്മവിശ്വാസക്കുറവുകൊണ്ടല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരവും കോന്നിയും തനിക്ക് പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. കഴിഞ്ഞ തവണ 87 സീറ്റിന് നഷ്ടമായ മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തവണ സീറ്റ് പിടിച്ചെടുക്കണമെന്ന പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായാണ് മഞ്ചേശ്വരത്ത് ജനവിധി തേടുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വൈകാരികമായ ബന്ധമുണ്ടായ മണ്ഡലമാണ് കോന്നി. അതിനാലാണ് അവിടെയും ജനവിധി തേടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടിടത്തും വിജയിച്ചാല്‍ ഏത് രാജിവയ്ക്കുമെന്ന ചോദ്യത്തില്‍ നിന്നു അദ്ദേഹം ഒഴിഞ്ഞുമാറി. രണ്ടിടത്തും തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയത്. അതിനാല്‍ എല്ലാ വിഭാഗത്തിന്റെ പിന്തുണ ലഭിക്കുമെന്നും ഭരണം നേടാന്‍ ബി.ജെ.പിക്ക് കഴിയുമെന്നും സുരേന്ദ്രന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
115 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. കുമ്മനം രാജശേഖരന്‍ നേമത്തും ഇ.ശ്രീധരന്‍ പാലക്കാട്ടും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ജനവിധി തേടും.
കാട്ടാക്കടയില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസാണ് മത്സരിക്കുന്നത്. മുതിര്‍ന്ന നേതാവ് സി.കെ.പത്മനാഭന്‍ ധര്‍മടത്ത് മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുതിര്‍ന്ന നേതാവ് തന്നെ മത്സരിക്കണമെന്ന പാര്‍ട്ടിയെ പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് സി.കെ.പി ധര്‍മടത്ത് ജനവിധി തേടുന്നത്.
രാജ്യസഭാ എം.പി കൂടിയായ സുരേഷ് ഗോപി തൃശൂരില്‍ നിന്നാണ് മത്സരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും സുരേഷ്‌ഗോപി തൃശൂര്‍ മണ്ഡലത്തെയാണ് പ്രതിനീധീകരിച്ചത്. സിനിമാതാരം സി.കൃഷ്ണകുമാറിനെ തിരുവനന്തപുരത്ത് രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് ബിജെപി ശ്രമം. വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷാണ് സ്ഥാനാര്‍ഥി.