
തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കാണ്‍സില്‍ യോഗത്തിലാണ് ബിജെപി നേതാവ് പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രാജീവിനെ തിരഞ്ഞെടുത്തത് ഒറ്റക്കെട്ടായാണെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി.
ബിജെപി ഹിന്ദുക്കളുടെ പാര്‍ട്ടിയല്ല, എല്ലാവരുടെയും പാര്‍ട്ടിയാണ് ബിജെപിയെന്നും നേതൃനിരയിലെ സ്ത്രീസാന്നിധ്യം മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാനില്ലാത്തതാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാത്ത് പാര്‍ട്ടിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കെല്‍പുള്ളയാളാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
‘എല്ലാവരും കാത്തിരിക്കുന്നത് രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകള്‍ കേള്‍ക്കാനാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം എല്ലാവരുടെയും പിന്തുണയോടെ ബിജെപി അധ്യക്ഷനായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അനേകം മഹാരഥന്മാരായ നേതാക്കള്‍ ആയിരുന്ന പാര്‍ട്ടിയില്‍ എന്നെപോലെ സാധാരണക്കാരന്‍ അഞ്ചു വര്‍ഷം അധ്യക്ഷനായി ഇരുന്നു.
സാധാരണക്കാരന് ഏത് പദവിയിലും എത്താനാകുന്ന ഏക പാര്‍ട്ടിയാണ് ബിജെപി. ജനപിന്തുണ വര്‍ധിപ്പിക്കാന്‍ നമ്മുടെ പൂര്‍വികര്‍ പരിശ്രമിച്ചു. മറ്റേത് പാര്‍ട്ടിയോട് കിടപിടിക്കാന്‍ ആകും വിധം ബിജെപി കേരളത്തില്‍ മാറി. കേരളം ബിജെപിക്ക് ബാലി കേറാ മലയാണെന്ന ധാരണ മാറി.
അവഗണിക്കാന്‍ വലിയ ശ്രമങ്ങളുണ്ടായെങ്കിലും അവഗണിക്കാന്‍ കഴിയാത്ത ശബ്ദമാണ് ബിജെപിയെന്ന് എല്ലാവരും സമ്മതിക്കുന്നു. ബിജെപിയുടെ വളര്‍ച്ച സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു’ – സുരേന്ദ്രന്‍ പറഞ്ഞു
‘കേരളത്തില്‍ ഐഡിയോളജിക്കല്‍ ഷിഫ്റ്റ് ഉണ്ടായതായി എല്ലാവരും സമ്മതിക്കുന്നു. മാറ്റത്തിന്റെ കടിഞ്ഞാണ്‍ കൈമാറുകയാണ്. രാജീവ് പുതിയ അധ്യക്ഷനായി വരുമ്പോള്‍ അദ്ദേഹത്തിന് ദൈനംദിന പ്രവര്‍ത്തന പാരമ്പ്യര്യമുണ്ടോയെന്ന് പലരും ചോദിച്ചു. എന്നാല്‍ അദ്ദേഹം അതിന് പ്രാപ്തനായ ഒരാളാണെന്ന് കഴിഞ്ഞ ഒരു വര്‍ഷത്തെ തിരുവനന്തപുരത്തെ പ്രവര്‍ത്തനം തെളിയിക്കുന്നുണ്ട്’ – സുരേന്ദ്രന്‍ പറഞ്ഞു
‘മൂന്ന് മുന്നണികള്‍ ഉള്ള സംസ്ഥാനമാണ് കേരളം. ഇവിടെ മുന്നണിയെ നയിക്കുന്നത് ശ്രമകരമായ ജോലിയാണ്. കൈ നനയാതെ മീന്‍ പിടിക്കണം എന്ന ചിന്തയുള്ള പ്രതിപക്ഷമാണ് ഇവിടെ. ബിജെപിയുടെ അധ്വാനത്തിന്റെ ഫലം ലഭിക്കുന്നത് യുഡിഎഫിനാണ്. കഴിഞ്ഞ ദശാബ്ദം ബിജെപിയുടെ വളര്‍ച്ചയുടേതായിരുന്നെങ്കില്‍ അടുത്ത ദശാബ്ദം ഭരിക്കാനുള്ളതാണ്. ആ ഭാഗ്യമാണ് രാജീവ് ചന്ദ്രശേഖറിന് ലഭിച്ചത്’ – സുരേന്ദ്രന്‍ പറഞ്ഞു