കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകന്റെ മൊഴിയും നിര്‍ണായകമായി. കേസ് അന്വഷണത്തിലും വിചാരണ വേളയിലും മാധ്യമപ്രവര്‍ത്തകനായ മാധവന്‍ സ്വീകരിച്ച ധീരമായ നിലപാടിനെ സിബിഐ കോടതി ജഡ്ജി എന്‍ ശേഷാദ്രിനാഥന്‍ അഭിനന്ദിച്ചു.
2019 ഫെബ്രുവരി 18 ന് എഎസ്‌ഐ മനോജിന് മാധ്യമ പ്രവര്‍ത്തകനായ മാധവന്റെ ഫോണ്‍ കോള്‍ വന്നു. പാക്കം എന്ന സ്ഥലത്ത് ഒരു വാഹനം ഒളിപ്പിച്ചുവച്ചിരിക്കുന്നുവെന്നും വാഹനം കാണിച്ചുകൊടുക്കാന്‍ തയ്യാറെന്നും മാധവന്‍, മനോജിനോട് പറഞ്ഞു. എസ്‌ഐ പ്രശാന്തിനെ വിവരം അറിയിച്ച ശേഷം അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സിപിഒമാരായ ശ്രീജിത്, രതീഷ് എന്നിവര്‍ക്കൊപ്പം പാക്കത്തേക്ക് പോയി.
മാധവനും വഴിക്ക് വച്ച് പൊലീസ് സംഘത്തിന് ഒപ്പം ചേര്‍ന്നു. ചെറുട്ട എന്ന സ്ഥലത്ത് എത്തിയ ശേഷം മണ്‍വഴിയിലൂടെ മുന്നോട്ടുനീങ്ങിയപ്പോള്‍ കെ എല്‍ 14-ജെ-5653 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള സൈലോ കാര്‍ അവിടെ ഒറ്റപ്പെട്ട സ്ഥലത്ത് ഒളിപ്പിച്ചിരിക്കുന്നത് കണ്ടു. പരിശോധിച്ചപ്പോള്‍, വാഹനത്തിന്റെ രജിസ്‌റ്റേഡ് ഉടമ സജി സി ജോര്‍ജ് എന്നയാളാണെന്ന് അറിഞ്ഞു. ഇദ്ദേഹവും കല്യോട്ടെ ഇരട്ടക്കൊലക്കേസില്‍ ഉള്‍പ്പെട്ടയാളായി സംശയിച്ചിരുന്നതിനാല്‍ സിഐ വിശ്വംഭരനെ വിവരം അറിയിച്ചു.
സിഐയുടെ വരവിനായി കാത്തിരിക്കുമ്പോള്‍ ഏതാനും ആളുകള്‍ അവിടെയെത്തി. ആരാണ് വാഹനം അവിടെ ഒളിപ്പിച്ചതെന്ന് ചോദിച്ചതോടെ അവരെല്ലാം അവിടെ നിന്ന് രക്ഷപ്പെട്ടു. സജി സി ജോര്‍ജിനെ മാത്രം തടഞ്ഞു നിര്‍ത്താന്‍ എഎസ്‌ഐ മനോജിന് കഴിഞ്ഞു. എസ്‌ഐ പ്രശാന്ത് സ്ഥലത്തെത്തി സജി സി ജോര്‍ജിനെ ചോദ്യം ചെയ്‌തെങ്കിലും ആരാണ് വാഹനം ഒളിപ്പിച്ചതെന്ന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല.
ഇതേ തുടര്‍ന്ന് സജിയെ പൊലീസ് ജീപ്പില്‍ ഇരുത്തിയപ്പോള്‍ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, സഹകരണ ബാങ്ക് സെക്രട്ടറി ഭാസ്‌കരന്‍ വെളുത്തോലില്‍ രാഘവന്‍, മണികണ്ഠന്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തുകയും എസ്‌ഐക്ക് എതിരെ ഭീഷണി മുഴക്കുകയും ചെയ്തു. മഞ്ചേശ്വരം സിഐ സിബി അവിടെ എത്തി കുഞ്ഞിരാമനുമായി സംസാരിച്ചെങ്കിലും സജി സി ജോര്‍ജിനെ ബലമായി പൊലീസ് ജീപ്പില്‍ നിന്ന് മോചിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. ഇതിനെല്ലാം മാധ്യമ പ്രവര്‍ത്തകനായ മാധവന്‍ സാക്ഷിയായിരുന്നു. ഈ സംഭവത്തെ കുറിച്ച് മാധവന്‍ വിചാരണവേളയില്‍ വിശദമായി തന്നെ തെളിവു നല്‍കിയെന്ന് വിധിന്യായത്തില്‍ പറയുന്നു.
2019 ഫെബ്രുവരി 19 ലെ ദീപിക പത്രത്തില്‍ സജി സി ജോര്‍ജിനെ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ പൊലീസ് ജീപ്പില്‍ നിന്ന് രക്ഷപ്പെടുത്തിയതിനെ കുറിച്ചുള്ള വാര്‍ത്ത സൈലോ കാറിന്റെ ചിത്രത്തിനൊപ്പം പ്രസിദ്ധീകരിച്ചിരുന്നതായി പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു. ഐപിസി 225 വകുപ്പ് പ്രകാരമുള്ള കുറ്റം ഇതോടെ കുഞ്ഞിരാമന്‍ ചെയ്തതായും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട് മാധവന്‍ നല്‍കിയ മൊഴി കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലാത്തതാണെന്നും വിശ്വസനീയമാണെന്നും കോടതി വിലയിരുത്തി. അന്വേഷണ സമയത്തും വിചാരണ വേളയിലും മാധവന്‍ സ്വീകരിച്ച ധീരമായ നിലപാടിനെയും കോടതി അഭിനന്ദിച്ചു.
കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ ശാസ്ത്രീയ തെളിവുകള്‍ നിര്‍ണായകമായെന്നാണ് കോടതി വിധിയിലുള്ളത്.അക്രമ രാഷ്ട്രീയം മൂലം രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ട കേസാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് കോടതി വിധി പ്രസ്താവന ആരംഭിക്കുന്നത്. ചെറു പ്രായത്തിലെ രണ്ട് യുവാക്കള്‍ അക്രമ രാഷ്ട്രീയത്തിന്റെ ഇരകളായെന്നും ഇതോടെ രണ്ടു കുടുംബങ്ങളെയാണ് തീരാദു:ഖത്തിലാഴ്ത്തിയതെന്നും കോടതി വിധിയില്‍ പറയുന്നു. ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്.
മരിച്ച രണ്ടു പേരുടെയും ഡിഎന്‍എ സാമ്പിളുകള്‍ കൊലയ്ക്ക് ഉപയോഗിച്ച വാളില്‍ കണ്ടെത്തി. കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികളുടെ രക്തം ആയുധത്തിലും കണ്ടെത്തി. പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചുവെന്ന് ശിക്ഷാ വിധിയില്‍ കോടതി വ്യക്തമാക്കി.
കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ . കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്‌ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു.