നോയിഡ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രോഹിത് സര്‍ദാന കൊവിഡ് ബാധിച്ച് മരിച്ചു. 41 വയസായിരുന്നു. ആജ് തകിലെ മാധ്യമപ്രവര്‍ത്തകനും അവതാരകനുമായി ജോലി ചെയ്യുന്നതിനിടെയാണ് മരണം. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വച്ചാണ് മരണം സംഭവിച്ചത്.
മുന്‍പ് സീ ടിവിയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. സീ ടിവിയില്‍ നിന്ന് രാജിവെച്ച ശേഷം 2017ലാണ് അദ്ദേഹം ആജ് തകില്‍ ജോലിക്ക് കയറുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു തുടങ്ങിയവര്‍ മരണത്തില്‍ അനുശോചനം അറിയിച്ചു.
‘രോഹിത് സര്‍ദാന വേഗത്തിലാണ് നമ്മളെ വിട്ടുപിരിഞ്ഞത്. ഊര്‍ജ്ജവാനും ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് അഭിനിവേശമുള്ളവനും ഹൃദയംഗമമായ ആത്മാവുള്ളവനുമായ രോഹിതിനെ നിരവധി ആളുകള്‍ മിസ് ചെയ്യും. അദ്ദേഹത്തിന്റെ അകാല നിര്യാണം മാധ്യമ ലോകത്ത് വലിയ ശൂന്യത സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനം. ഓം ശാന്തി.’- മോദി ട്വിറ്ററില്‍ കുറിച്ചു.
‘ശ്രീ രോഹിത് സര്‍ദാനജിയുടെ അകാല നിര്യാണത്തെക്കുറിച്ച് അറിഞ്ഞ് വേദനിച്ചു. പക്ഷപാതപരവും നീതിയുക്തവുമായ റിപ്പോര്‍ട്ടിംഗിനായി എപ്പോഴും നിലകൊള്ളുന്ന ധീരനായ ഒരു പത്രപ്രവര്‍ത്തകനെയാണ് രാഷ്ട്രത്തിന് നഷ്ടമായത്. ഈ ദാരുണമായ നഷ്ടം സഹിക്കാനുള്ള ശക്തി ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികള്‍ക്കും എന്റെ അഗാധമായ അനുശോചനം.’- ആഭ്യന്തര മന്ത്രി അമിത് ഷാ കുറിച്ചു.