ശ്രീനഗർ : ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂർ രാജ്പുര മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യത്തിൻ്റെയും ജമ്മു കശ്മീർ പോലീസിൻ്റെയും സംയുക്തസേന ഭീകരവിരുദ്ധ ദൗത്യത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം സോപോറിലെ റാംപോറ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
സോപോറിലെ രാജ്പുരയിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച പ്രത്യേക രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. സൈന്യവും സിആർപിഎഫും പോലീസും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ ദൗത്യത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്.
മേഖലയിൽ രണ്ട് ഭീകരർ കൂടി കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംയുക്ത സേന ദൗത്യം തുടർന്നുകൊണ്ടിരിക്കുകയാണ്. ജമ്മു കശ്മീരിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നിരന്തരമായ തീവ്രവാദ ആക്രമണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന് മറുപടിയായി സുരക്ഷാസേനയും ഭീകരർക്കെതിരെയുള്ള ഓപ്പറേഷൻ ശക്തമാക്കിയിട്ടുണ്ട്.